ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. വ്യാഴാഴ്ച ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിൽ രാഷ്‌ട്രീയം, വ്യാപാരം, സാമ്പത്തികം, പ്രതിരോധം, ശാസ്ത്രസാങ്കേതികവിദ്യ, ഊർജ്ജം, ആരോഗ്യം, കോൺസുലർ, സാംസ്‌കാരിക മേഖലകൾ എന്നീ വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും. ഉപപ്രധാനമന്ത്രി അന്റോണിയോ തജാനിയും ഉന്നത വ്യവസായ പ്രതിനിധി സംഘവും മെലോണിയെ അനുഗമിച്ചു. ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ന്യൂഡൽഹിയിൽ വച്ച നടക്കുന്ന എട്ടാമത് റെയ്സിന ഡയലോഗ് സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ജിയോ പൊളിറ്റിക്‌സ്, ജിയോ ഇക്കണോമിക്‌സ് എന്നിവയെക്കുറിച്ചുള്ള രാജ്യത്തെ പ്രധാന സമ്മേളനമായ റെയ്‌സിന ഡയലോഗിൽ മുഖ്യാതിഥിയും മുഖ്യ പ്രഭാഷകയുമാണ് പിഎം മെലോണി. ജോർജിയ മെലോണിയുടെ സന്ദർശനം ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ആഴത്തിലാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു.
2018 ഒക്ടോബറിൽ അന്നത്തെ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ ഇന്ത്യ സന്ദർശിച്ചതിന് ശേഷം ഒരു മുതിർന്ന ഇറ്റാലിയൻ നേതാവ് നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്.
Comments