കൊല്‍ക്കത്ത: കച്ചാ ബദം എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഒറ്റരാത്രികൊണ്ട് പ്രശസ്തനായ പശ്ചിമ ബംഗാളിൽ നിന്നുള്ള തെരുവ് കച്ചവടക്കാരനാണ് ഭുബൻ ബദ്യാകർ. ഇപ്പോഴിതാ തന്‍റെ ഗാനത്തിന് കോപ്പിറൈറ്റ് ലംഘനം ആരോപിച്ച് ഇദ്ദേഹം രംഗത്ത് എത്തിയിരിക്കുകയാണ്.
2021-ൽ റോഡരികിൽ നിലക്കടല വിൽക്കുന്നതിനിടയിൽ ഭുബൻ പാടിയപാട്ട്‍ ഒരാള്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. തുടർന്ന് ഒറ്റരാത്രികൊണ്ട് ഇദ്ദേഹം താരമായി. പാട്ടിന്റെ റീമിക്‌സ് പതിപ്പുകൾ രാജ്യത്തെ ഇളക്കിമറിച്ചു, റീലുകൾ നിർമ്മിക്കുകയും പ്രമുഖർ വരെ പാട്ടിനൊപ്പം നൃത്തം ചെയ്യുകയും ചെയ്തു. ഗാനം ഭുബനും ഗുണം ചെയ്തതോടെ ഒരു പുതിയ വീട് പണിയുകയും ഒരു ഫോർ വീലർ വാങ്ങുകയും ചെയ്തു.
ഭുബൻ ഇപ്പോൾ തന്റെ മുൻകാല ദുരിത ജീവിതത്തിലേക്ക് ഒരിക്കൽ കൂടി തിരിച്ചെത്തിയിരിക്കുകയാണ്. കോപ്പിറൈറ്റ് വിഷയം ഉള്ളതിനാല്‍ അദ്ദേഹത്തിന് സ്വന്തം പാട്ടുകൾ പോലും പാടാൻ കഴിയാത്ത അവസ്ഥയിലാക്കി. തന്റെ കച്ച ബദാം ഗാനത്തിന്റെ അവകാശം ആരോ തട്ടിയെടുത്തുവെന്ന് ആരോപിച്ച് ഭുബൻ അടുത്തിടെ പരാതി നൽകിയിരുന്നു. ഈ പ്രശ്നത്തില്‍ കുടുങ്ങിയതോടെ, ഇനി സ്വന്തം പാട്ടുകൾ പാടാനും യൂട്യൂബിൽ പങ്കിടാനും കഴിയില്ലെന്ന് ഭുബൻ ബദ്യാകർ പറയുന്നു.
അടുത്തിടെ തന്റെ ഒരു ഗാനം യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമ്പോൾ കോപ്പിറൈറ്റ് മുന്നറിയിപ്പ് ലഭിച്ചതായി ടിവി9 ബംഗ്ലാവിന് നൽകിയ അഭിമുഖത്തിൽ ഭുബൻ പറഞ്ഞിരുന്നു. ഇതോടെ പാട്ട് പിന്‍വലിക്കാന്‍ നിർബന്ധിതനായി. തന്റെ പല പാട്ടിനും ഇതാണ് പ്രതികരണം, തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ട്, എവിടെയോ ഒരു ചതി നടന്നിട്ടുണ്ടെന്നും ഭുബൻ ബദ്യാകർ പറയുന്നു.
ഇന്ത്യൻ പെർഫോമിംഗ് റൈറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ (IPRS) പ്രതിനിധിയായി വേഷമിട്ടുകൊണ്ട് ബിർഭം ആസ്ഥാനമായുള്ള ഒരു സ്ഥാപനവും അതിന്റെ ഉടമയും തന്റെ ട്യൂണിന്‍റെ അവകാശം തട്ടിയെടുത്തുവെന്നാണ് ഗായകൻ വെളിപ്പെടുത്തിയത്. എഴുത്തും വായനയും അറിയാത്ത തനിക്ക് നിരക്ഷരനായതിനാൽ രേഖയിൽ തന്റെ പെരുവിരല് മുദ്ര പതിപ്പിച്ചാണ് കരാര്‍ ഉണ്ടാക്കിയതെന്നും ഭുബൻ പറഞ്ഞു. ഏതെങ്കിലും പകർപ്പവകാശ കൈമാറ്റ രേഖയിൽ താന്‍ ബോധത്തോടെ ഒപ്പിട്ടതായി അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ഈ രേഖകളിൽ ഒപ്പിടാൻ ഭുബന് മൂന്ന് ലക്ഷം രൂപ നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, പകർപ്പവകാശം മറ്റൊരാള്‍ക്ക് നല്‍കാന്‍ ആരും തനിക്ക് പണം നല്‍കിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.
Comments