1921-ലെ മലബാർ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹൻ അലി അക്ബർ സംവിധാനം ചെയ്ത ചിത്രമാണ് ‘1921 പുഴ മുതൽ പുഴ വരെ’. പ്രഖ്യാപനം മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമ മുടക്കാൻ ചില കോണുകളിൽ നിന്ന് ശക്തമായ ശ്രമങ്ങൾ നടന്നിരുന്നു. ചിത്രീകരണം ആരംഭിച്ചതു മുതൽ സെൻസർബോർഡ് സർട്ടിഫിക്കറ്റ് കിട്ടുന്നതുവരെ ഏറെ തടസ്സങ്ങളാണ് സംവിധായകന് നേരിടേണ്ടി വന്നത്. അവസാനം മാർച്ച് 3-ന് ചിത്രം തിയറ്ററുകളിലെത്തി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ, പുഴ മുതൽ പുഴ വരെ എന്ന ചിത്രമാണ് 1921-ലെ യഥാർത്ഥ ചരിത്രം പറഞ്ഞ സിനിമയെന്ന് പ്രതികരിച്ചിരിക്കുകയാണ് നടൻ സന്തോഷ് കെ നായർ.
മലബാർ കലാപത്തെ ആസ്പദമാക്കി ഐ.വി ശശി സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ ‘1921’ എന്ന സിനിമയിലും രാമസിംഹൻ സംവിധാനം ചെയ്ത ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിലും സന്തോഷ് അഭിനയിച്ചിട്ടുണ്ട്. ‘പുഴയൊഴുകുന്നത് ഹൃദയത്തിലും മനസ്സിലും തലച്ചോറിലും പുഴുക്കുത്തുള്ളവർക്ക് സഹിക്കില്ല. രണ്ട് 1921-ലും അഭിനയിച്ചയാളാണ് ഞാൻ. ഇപ്പോൾ ഇറങ്ങിയതാണ് ചരിത്ര സത്യം. വംശഹത്യയുടെ കഥപറയുന്ന ” 1921 പുഴ മുതൽ പുഴ വരെ ” എന്ന ചരിത്ര സിനിമ കേരളം ഏറ്റെടുത്തു. തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ്’ എന്ന് സന്തോഷ് കെ നായർ പറഞ്ഞു.
മലബാറിൽ നടന്ന ഹിന്ദു വംശഹത്യയിൽ കൊല്ലപ്പെട്ട അറിയപ്പെടാത്ത നൂറുകണക്കിന് നിസ്സഹായരുടെ ജീവിതമാണ് ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം പ്രേക്ഷകരിലേയ്‌ക്ക് എത്തിക്കുന്നത്. മമധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമയുടെ തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിംഗ് എന്നിവ എല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് രാമസിംഹൻ തന്നെയാണ്. തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസല്‍ വിജയ് എത്തുന്നത്.
















Comments