അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ തുടരും. ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം . എംഎൽഎമാർ ഏകകണ്ഠമായാണ് മണിക് സാഹയെ മുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരഞ്ഞെടുത്തത്. മുഖ്യമന്ത്രിയുടെയും പുതിയ മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
60 അംഗ ത്രിപുര നിയമസഭയിൽ 32 സീറ്റിലാണ് ബിജെപി ജയിച്ചത്. ഒരു സീറ്റിൽ സഖ്യകക്ഷിയായ ഐപിഎഫ്ടിയും വിജയിച്ചു. ത്രിപുരയിൽ ബിജെപി സർക്കാരിനെ നയിക്കുന്നത് ആരെന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടെന്നായിരുന്നു ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഏകകണ്ഠമായാണ് മണിക് സാഹ ബിജെപി യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ സാഹയായിരിക്കും മുഖ്യമന്ത്രിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സൂചിപ്പിച്ചിരുന്നു.
ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടി ബിജെപി വീണ്ടും അധികാരത്തിലെത്തിയതോടെ അസ്തമിക്കുന്നത് ഇടതുപക്ഷത്തിന്റെ പ്രതീക്ഷയാണ്. കോൺഗ്രസിനെ കൂട്ടുപിടിച്ച് ബിജെപി പരാജയപ്പെടുത്താം എന്ന് ചിന്തിച്ച ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണ് ജനങ്ങൾ നൽകിയത്. വികസനം ഉയർത്തിക്കാട്ടി പ്രചാരണം നടത്തിയ ബിജെപിയെ ജനങ്ങൾ വീണ്ടും അധികാര കസേരയിൽ തിരഞ്ഞെടുക്കുകയായിരുന്നു.
Comments