ന്യുഡൽഹി: നാഗാലാൻഡിലും മേഘാലയയിലും ബിജെപി സഖ്യസർക്കാരുകൾ അധികാരമേറ്റു. കോഹിമയിൽ നടന്ന ചടങ്ങിൽ നെഫ്യൂ റിയോയും ഷില്ലോങ്ങിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ കോൺറാഡ് സാങ്മയും മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവർ രണ്ടിടത്തേയും സത്യപ്രതിജ്ഞ ചടങ്ങിൽ സന്നിഹിതരായി.
എഴുപത്തിരണ്ടുകാരനായ നെഫ്യൂ റിയോ ഇത് അഞ്ചാം തവണയാണ് നാഗാലൻഡ് മുഖ്യമന്ത്രിയാകുന്നത്. ടിആർ സിലിയങ്ങ്, വൈ പാറ്റൺ എന്നിവരാണ് ഉപമുഖ്യമന്ത്രിമാരായി അധികാരമേറ്റത്. 60 സീറ്റുകളുള്ള നാഗാലാൻഡ് നിയമസഭയിൽ ബിജെപി-എൻഡിപിപി സഖ്യം 37 സീറ്റുകളാണ് നേടിയത്. ഇത് രണ്ടാമത്തെ തവണയാണ് ബിജെപി-എൻഡിപിപി സഖ്യം നാഗാലാൻഡിൽ അധികാരത്തിലെത്തുന്നത്. നാഗാലാൻഡിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രി പദത്തിലെത്തിയ നേതാവാണ് നെഫ്യു റിയോ.
തുടർച്ചയായി ഇത് രണ്ടാം തവണയാണ് കോൺറാഡ് സാങ്മ മുഖ്യമന്ത്രിയാകുന്നത്. 12 ക്യാബിനറ്റ് മന്ത്രിമാരും സാംഗ്മയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. പ്രെസ്റ്റോൺ ടിൻസോംഗ്, സ്നിയവ്ഭലാങ് ധർ, എ എൽ ഹെക്ക്, ഡോ.എം അമ്പാരീൻ ലിംഗ്ദോ, പോൾ ലിങ്ദോ, കാമ്ങ്ടോണ്ഡ, എടി മൊണ്ടൽ, കിർമെൻ ഷില്ല, മാർക്യൂസ് എൻ മാരക, റാക്കം എ സാങ്മ, ശക്ലിയാർ വാർജ്രി എന്നിവരാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ക്യാബിനറ്റ് അംഗങ്ങളിൽ 8 പേർ എൻപിപി യിൽ നിന്നും, 2 പേർ യുഡിപിയിൽ നിന്നും മറ്റ് രണ്ടുപേർ എച്ച്എസ്പിഡിപി, ബിജെപി എന്നീ പാർട്ടികളിൽ നിന്നുമാണ്.
26 സീറ്റ് നേടിയാണ് എൻപിപി ഏറ്റവും വലിയ ഒറ്റകക്ഷി ആയത്. സർക്കാർ രൂപീകരിക്കാൻ ഒരുങ്ങിയ എൻപിപിക്ക് ആദ്യം പിന്തുണ അറിയിച്ചത് ബിജെപിയാണ്. ഏറ്റവും ഒടുവിൽ യുഡിപി, പിഡിഎഫ് പാർട്ടികൾ കൂടി പിന്തുണ അറിയിച്ചതോടെ 45 എംഎൽഎമാരുടെ പിന്തുണ എൻ പി പി നേടി. ഇത് മേഘാലയയിൽ തൃണമൂൽ നടത്തിയ പ്രതിപക്ഷ ഐക്യനീക്കത്തിന് തിരിച്ചടിയായി. തൃണമൂൽ കോൺഗ്രസ് തങ്ങൾക്കൊപ്പം നിർത്താൻ ശ്രമിച്ച പിഡിഎഫ്, യുഡിപി, എച്ചഎസ്പിഡിപി എന്നീ പാർട്ടികൾ ബിജെപി- എൻപിപി പക്ഷത്തേക്ക് എത്തിയത്. ഇതോടെ മുഖ്യമന്ത്രിയാകാൻ 59 ൽ 45 എംഎൽഎമാരുടെ പിന്തുണ കോൺറാഡ് സാങ്മയ്‌ക്ക് ലഭിച്ചു.
















Comments