കാസർകോഡ്: ലോക വനിതാ ദിനത്തിൽ മക്കളെ സാക്ഷിയാക്കി നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂർ സർവകലാശാല നിയമവകുപ്പ് മേധാവിയുമായ ഷീനയും രണ്ടാമതും വിവാഹിതരായി. ദാമ്പത്യത്തിന്റെ 28-ാം വർഷത്തിലായിരുന്നു ഇവരുടെ രണ്ടാം വിവാഹം.
ഇന്ന് രാവിലെ ഹൊസ്ദുർഗ് സബ് രെജിസ്റ്റർ കാര്യാലയത്തിൽ വെച്ച് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ മൂന്ന് പെൺമക്കളെ സാക്ഷിയാക്കിയായിരുന്നു വിവാഹം. പെൺമക്കളുടെ അവകാശ സംരക്ഷണം മുന്നിൽ കണ്ടാണ് ഇരുവരും സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരായത്. മുസ്ലിം പിൻതുടർച്ചാ നിയമപ്രകാരം ആൺമക്കളുണ്ടെങ്കിലെ മുഴുവൻ സ്വത്തും കൈമാറാനാകൂ. ഇവർക്ക് മൂന്ന്് പെൺമക്കളായതിനാൽ സ്വത്തിന്റെ മൂന്നിൽരണ്ട് ഓഹരി മാത്രമാണ് കിട്ടുക. ബാക്കി സഹോദരങ്ങൾക്ക് അവകാശപ്പെട്ടതാണ്.
ഈ പ്രതിസന്ധി മറികടക്കാനാണ് സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വീണ്ടും വിവാഹിതരായ്. രണ്ടുതവണയുണ്ടായ കാർ അപകടമാണ് ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്കുകൂടി ചിന്തിക്കാൻ കാരണമെന്നും ഷുക്കൂർ പറയുന്നു. കാഞ്ഞങ്ങാട് ആറങ്ങാടി മെറാക്കിലെ ഷുക്കൂറും പാലക്കാട് പുതുപ്പരിയാരത്തെ ഷീനയും 1994 ഒക്ടോബർ ആറിനാണ് വിവാഹിതരായത്. മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറാണ് ഷുക്കൂർ. മഹാത്മാഗാന്ധി സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലറാണ് ഷീന.
















Comments