നടനും അഭിഭാഷകനുമായ ഷുക്കൂറിനെതിരെ ഭീഷണിയുമായി ഫത്വ കൗൺസിൽ. ഇസ്ലാം മതത്തിൽ നിലനിൽക്കുന്ന നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രണ്ടാമതും നടൻ വിവാഹം കഴിച്ചതാണ് മതമൗലികവാദികളെ പ്രകോപിപ്പിച്ചിരിക്കുന്നത്. തുല്യത എന്ന മാനവിക സങ്കൽപത്തിന് നിരക്കാത്ത വ്യവസ്ഥ ഇസ്ലാമിൽ നിലനിൽക്കുന്നുവെന്നും പെൺകുട്ടികൾക്ക് വിവേചനം നേരിടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യയായ പി.എ ഷീനയെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഷുക്കൂർ വീണ്ടും വിവാഹം കഴിച്ചത്. ഇതിലൂടെ മാതാപിതാക്കളുടെ സ്വത്ത് പൂർണ്ണമായും മക്കൾക്ക് ലഭിക്കും. ഇതിന് പിന്നാലെയാണ് ഭീഷണിയുമായി ഫത്വ കൗൺസിൽ രംഗത്തു വന്നിരിക്കുന്നത്.
ഇസ്ലാം മതം മുന്നോട്ട് വെയ്‌ക്കുന്ന വ്യവസ്ഥകൾക്ക് അനുസരിച്ച് മാത്രമെ സ്വത്ത് വിനിയോഗിക്കാവുള്ളൂ എന്നും, ഇസ്ലാമിക നിയമം മറികടക്കാനാണ് ഷുക്കൂർ രജിസ്റ്റർ വിവാഹം നടത്തിയതെന്നും ഫത്വ കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മത നിയമങ്ങളെ അവഹേളിക്കാനും വിശ്വാസികളുടെ ആത്മവീര്യം തകർക്കാനുമുള്ള കുത്സിത നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നാണ് ഭീഷണി. ഒരു വിഷയത്തിൽ അല്ലാഹുവും ദൂതനും ഒരു വിധി പ്രസ്താവിച്ചു കഴിഞ്ഞാൽ തങ്ങളുടെ കാര്യത്തിൽ സ്വേച്ഛാനുസൃതമായ മറ്റൊരു തീരുമാനമെടുക്കാൻ ഒരു സത്യവിശ്വാസിക്കും വിശ്വാസിനിക്കും കഴിയില്ല എന്നും ഫത്വ കൗൺസിൽ പറയുന്നു. അതേസമയം, ഭീഷണിയ്‌ക്കെതിരെ നടൻ ഷുക്കൂറും പ്രതികരിച്ചു.
‘എല്ലാ മനുഷ്യരെയും തുല്യരായി കാണുവാൻ കഴിയുന്ന കാലം വരുമെന്നു തന്നെയാണ് പ്രതീക്ഷ. മത നിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ല. ഒരു വിശ്വാസിയുടെയും ആത്മവീര്യം തകർക്കാനും ഉദ്ദേശിക്കുന്നില്ല. അതു കൊണ്ട് എനിക്കെതിരെ ഒരു ശക്തമായ പ്രതിരോധവും വേണ്ട. ” പ്രതിരോധം ” എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ പ്രസ്താവന ഇറക്കിയവർ മാത്രമായിരിക്കും. നിയമ പാലകർ ശ്രദ്ധിക്കുമെന്നു കരുതുന്നു’ എന്നാണ് നടൻ ഷുക്കൂർ പ്രതികരിച്ചിരിക്കുന്നത്.

















Comments