പാലക്കാട്: പാലക്കാട് ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട ഗുഡ്സ് ട്രെയിൻ നിയന്ത്രിച്ചത് വനിതാ സംഘം. രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഫുൾ ലേഡി ക്രൂ ട്രെയിനോടിച്ചത്. പാലക്കാട് ഡിവിഷനിൽ ആദ്യമായാണ് വനിതാ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി ട്രെയിൻ സർവീസ് നടത്തുന്നത്.
പാലക്കാട് ഈറോഡ് ഗുഡ്സ് ട്രെയിനാണ് പൂർണമായും വനിതകളുടെ നിയന്ത്രണത്തിൽ ഓടിയത്. രാവിലെ 9.35ന് പാലക്കാട് ജംഗ്ഷനിൽ നിന്നുമാണ് ട്രെയിൻ യാത്ര പുറപ്പെട്ടത്. ഇതിലെ ലോകോപൈലറ്റും അസിസ്റ്റന്റ് ലോകോ പൈലറ്റും ഗാർഡും വനിതകളായിരുന്നു.
ലോകോ പൈലറ്റ് എസ്.ബിജി, സീനിയർ അസിസ്റ്റന്റ് ലോകോ പൈലറ്റ് കെ. ഗായത്രി, ഗാർഡ് സി.കെ. നിമിഷ ഭാനു എന്നിവരായിരുന്നു ട്രെയിൻ ക്രൂ. അന്താരാഷ്ട്ര വനിതാ ദിനം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു ട്രെയിൻ സർവ്വീസ് നടത്തിയത്.
Comments