ന്യൂഡൽഹി: മാർച്ച് 11 മുതൽ ബഹ്റൈനിലെ മനാമയിൽ നടക്കുന്ന 146-ാമത് ഐപിയുയിൽ ഇന്ത്യൻ സംഘത്തെ ലോക്സഭാ സ്പീക്കർ ഓം ബിർള നയിക്കും. ഔദ്യോഗിക പ്രസ്താവന പ്രകാരം മാർച്ച് 10 ന് ബിർള ഐപിയു പ്രസിഡന്റ് ഡുവാർട്ടെ പച്ചെക്കോയെ കാണുകയും ചർച്ച നടത്തുകയും ചെയ്യും. വൈകുന്നേരം മനാമയിലെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായി ബിർള സംവദിക്കും.
മാർച്ച് 11ന് നടക്കുന്ന ഏഷ്യാ പസഫിക് ഗ്രൂപ്പ് യോഗത്തിലും ബഹ്റൈൻ രാജാവിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിലും സംഘം പങ്കെടുക്കും. തുടർന്ന് 12ന് 146-ാമത് അസംബ്ലിയുടെ പൊതു സംവാദത്തിലും പ്രതിനിധി സംഘം പങ്കെടുക്കും. ‘സമാധാനപരമായ സഹവർത്തിത്വം അസഹിഷ്ണുതയ്‌ക്കെതിരെ പോരാടുക’ എന്ന വിഷയത്തിൽ ബിർള ഐപിയു അസംബ്ലിയെ അഭിസംബോധന ചെയ്യും.
നിരവധി രാജ്യങ്ങളിൽ നിന്നുള്ളവരുമായി ബിർള ഉഭയകക്ഷി ചർച്ച നടത്തും. ജി20 രാജ്യങ്ങളിലെ പാർലമെന്റുകളുടെ പ്രിസൈഡിംഗ് ഓഫീസർമാരെ കാണുകയും ഈ വർഷാവസാനം ന്യൂഡൽഹിയിൽ നടക്കുന്ന പി20 ഉച്ചകോടിയിലേക്ക് അവരെ വ്യക്തിപരമായി ക്ഷണിക്കുകയും ചെയ്യും. മനാമയിലെ ശ്രീനാഥ്ജി ക്ഷേത്രവും ബിർള സന്ദർശിക്കും. മാർച്ച് 13 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി സ്പീക്കർ മാർച്ച് 12ന് ന്യൂഡൽഹിയിലേക്ക് തിരിക്കും.
ലോക്സഭാ എംപിമാരായ ഭതൃഹരി മഹ്താബ്, പൂനമ്പെൻ മാഡം, വിഷ്ണു ദയാൽ റാം, ഹീന വിജയ്കുമാർ ഗാവിത്, രക്ഷ നിഖിൽ ഖഡ്സെ, ദിയാ കുമാരി, അപരാജിത സാരംഗി, രാജ്യസഭാ എംപിമാരായ തിരുച്ചി ശിവ, സസ്മിത് പത്ര, രാധാ മോഹൻ ദാസ് അഗർവാൾ, ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ എന്നിവരടങ്ങുന്നതാണ് പ്രതിനിധിസംഘം.
















Comments