കണ്ണൂർ: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ കേരളം അന്വേഷിക്കുന്ന വിജേഷ് പിള്ളയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാൾ കണ്ണൂർ ബക്കളം കടമ്പേരി സ്വദേശിയാണ്. ഇയാളുടെ യാത്രകളെല്ലാം ആഡംബര കാറുകളിലാണെന്ന് നാട്ടുകാർ പറയുന്നു. പിതാവ് ഓട്ടോ ഡ്രൈവറാണ്.
പഴയ സിനിമകൾ പ്രദർശിപ്പിക്കാനായി തുടങ്ങിയ ആക്ഷൻ ഒടിടിയുടെ സിഇഒയാണ് വിജേഷ് എന്നുള്ളതിന് തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. വിജേഷ് പിള്ളയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. സ്വപ്‌ന ഏറ്റവും ഒടുവിലായി നടത്തിയ വെളിപ്പെടുത്തലിലാണ് വിജേഷ് പിള്ള എന്നയാൾ സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് വേണ്ടി തന്നെ സമീപിച്ച വിവരം അറിയിച്ചത്.
30 കോടി രൂപ വാഗ്ദാനം ചെയ്തായിരുന്നു സ്വപ്നയെ വിജേഷ് സമീപിച്ചത്. സെറ്റിൽമെന്റിന് തയ്യാറായില്ലെങ്കിൽ സ്വപ്നയെ തീർത്തുകളയുമെന്ന് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചതായും വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയിരുന്നു. മൂന്ന് ദിവസം മുമ്പായിരുന്നു വിജേഷ് സ്വപ്നയെ വിളിച്ചത്.
തെളിവുകൾ നൽകി നാടുവിടാൻ തന്നോട് ആവശ്യപ്പെട്ടുവെന്നും വഴങ്ങിയില്ലെങ്കിൽ നശിപ്പിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. വിജേഷ് പിള്ളയുമായി സംസാരിക്കുന്ന ചിത്രങ്ങളും സ്വപ്‌ന പുറത്തുവിട്ടിരുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും വീണ്ടും പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകൾ.
Comments