ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കോൺറാഡ് സാങ്മയുടെ അദ്ധ്യക്ഷതയിലുള്ള ആദ്യ മന്ത്രിസഭാ യോഗം ചേർന്നു. യോഗത്തിൽ പ്രധാനമായും രണ്ട് കാര്യങ്ങൾ ചർച്ച ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. മേഘാലയയിൽ കരുതൽ നിക്ഷേപ ബിൽ കൊണ്ടുവരുക, മേഘാലയ റെഗുലേഷൻ ഓഫ് ഗെയിമിംഗ് ആക്റ്റ് (എംആർജിഎ) റദ്ദാക്കാനുള്ള ഓർഡിനൻസ് പാസാക്കുക എന്നതാണ് ചർച്ച ചെയ്തത്. കരുതൽ നിക്ഷേപ ബിൽ സംബന്ധിച്ച് ഓർഡിനൻസ് മുൻപ് പാസാക്കിയിരുന്നു, എന്നാൽ ഇനി അത് സമ്പൂർണ ബില്ലായി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മേഘാലയ ബജറ്റ് സമ്മേളനം മാർച്ച് 20-ന് ആരംഭിക്കുമെന്നും ബജറ്റ് സമ്മേളനത്തിൽ സമ്പൂർണ ബജറ്റ് പാസാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ 26 സീറ്റുകൾ നേടിയ സാങ്മയുടെ എൻപിപി തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായി. ദക്ഷിണ തുറ നിയമസഭാ മണ്ഡലത്തിൽ 5,016 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോൺറാഡ് സാങ്മ വിജയിച്ചത്.
തുടർച്ചയായ രണ്ടാം തവണയും മേഘാലയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കോൺറാഡ് സാങ്മ ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്തത്. 11-ാം മേഘാലയ നിയമസഭയുടെ സ്പീക്കറായി ഭരണകക്ഷിയുടെ തോമസ് എ സാങ്മ ഇന്ന് തിരഞ്ഞെടുക്കപ്പെട്ടു.
















Comments