ന്യുഡൽഹി: ഭാരത് രാഷ്‌ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിത ഇഡിയ്ക്ക് മുന്നിൽ ഹാജരായി. ഡൽഹി മദ്യനയ കുംഭകോണ കേസുമായി ബന്ധപ്പെട്ട് കവിതയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ ആരംഭിച്ചു. മന്ത്രിയും സഹോദരനുമായ കെ ടി രാമറാവു കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയിരുന്നു.
കവിത ഹാജരായതിന് പിന്നാലെ പ്രതിഷേധ നാടകവുമായി ഇഡി ഓഫീസിന് മുന്നിൽ ബിആർഎസ് പ്രവർത്തകർ എത്തി. കവിതയെ ഇഡി അറസ്റ്റ് ചെയ്താൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ആഹ്വാനം. ഡൽഹി തുഗ്ലക് റോഡിലെ വസതിയിൽ നിന്ന് രാവിലെ 11 മണിയോടെയാണ് കവിത എപിജെ അബ്ദുൽ കലാം റോഡിലെ ഇഡി ആസ്ഥാനത്ത് എത്തിയത്. പ്രതിഷേധം ഉണ്ടായേക്കാമെന്ന സാധ്യത കണക്കിലെടുത്ത് ഇഡി ഓഫീസ് പരിസരത്ത് ഡൽഹി പോലീസും കേന്ദ്ര അർദ്ധസൈനിക സേനാംഗങ്ങളും സുരക്ഷ ശക്തമാക്കിയിരുന്നു.
അതേസമയം കവിതയുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ളയെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
കസ്റ്റഡിയിലുള്ള മദ്യ രാജാവ് അരുൺ രാമചന്ദ്രപിള്ളയോടൊപ്പം കവിതയെയും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. കവിത ഉൾപ്പെടെയുള്ളവരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കള്ളനോട്ട് റാക്കറ്റിന്റെ തെക്കൻ സംഘത്തെയാണ് താൻ പ്രതിനിധീകരിക്കുന്നതെന്ന് പിള്ള നേരത്തെ മൊഴി നൽകിയതായി അന്വേഷണ ഏജൻസി പറഞ്ഞിരുന്നു.
















Comments