അന്തരിച്ച പ്രമുഖ നടിയും അവതാരകയുമായ സുബി സുരേഷ് പോസ്റ്റ് ചെയ്യാത്ത നിരവധി വീഡിയോകൾ ഇനിയും പബ്ലിഷ് ചെയ്യാനുണ്ട്. സുബിയുടെ സഹോദരൻ എബി സുരേഷാണ് ഇക്കാര്യം കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ആശുപത്രിയിൽനിന്ന് തിരിച്ചെത്തിയ ശേഷം ബാക്കിയുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യണം എന്നായിരുന്നു ആഗ്രഹമെന്നും എബി പറഞ്ഞു. എന്നാൽ ഇപ്പോൾ സുബി തയ്യാറാക്കി വെച്ചിരുന്ന ഒരു വീഡിയോ പബ്ലിഷ് ചെയ്തിരിക്കുകയാണ്.
കൊടകരയിലെ ഒരു കർട്ടൻ ഷോപ്പിന്റെ പ്രമോഷൻ വീഡിയോയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. അവസാന നാളുവരെ സുബി രോഗത്തിനോട് പൊരുതി എന്നും വിഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം. മുമ്പ് ചെയ്തിട്ടുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യണമെന്ന് മരണകിടക്കയിലും സുബി ഓർമ്മിപ്പിച്ചിരുന്നു.
അവസാന നാളുകളിലും സോഷ്യൽ മീഡിയയിൽ സുബി ശ്രദ്ധിച്ചിരുന്നു. ഫേസ്ബുക്ക് പേജും യുട്യൂബ് ചാനലും ഉപേക്ഷിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കുടുംബം അറിയിച്ചു. സുബിയെ സഹായിച്ച എല്ലാവർക്കും എബി നന്ദി അറിയിച്ചു. ‘എന്റെ ചേച്ചിയെ നിങ്ങളുടെയൊക്കെ കുടുംബത്തിലെ അംഗത്തെ പോലെ കണ്ടതിനും അവർക്ക് വേണ്ടി പ്രാർഥിച്ചതിനും എല്ലാവരോടും നന്ദി പറയുന്നു’ എന്നാണ് എബി സുരേഷ് വീഡിയോയിൽ പറഞ്ഞത്. ‘ചേച്ചിയെ ചികിത്സിച്ച ഡോക്ടർമാരോടും, ഭൂമിയിലെ മാലാഖമാർ എന്ന് പറയുന്ന നേഴ്‌സുമാരോടും നന്ദി പറയുന്നു. ചേച്ചിയെ വളരെ നല്ല രീതിയിൽ തന്നെ അവർ പരിചരിച്ചു’ എന്നും എബി കൂട്ടിച്ചേർത്തു.
















Comments