തൃശൂർ: ബ്രഹ്‌മപുരത്തെ മാലിന്യത്തെക്കാൾ ഹീനമാണ് ഇടത് സാംസ്‌കാരിക ബോധമെന്ന് തൃശൂർ അതിരൂപത. കക്കുകളി നാടകത്തിന്റെ പശ്ചാത്തലത്തിലാണ് തൃശൂർ അതിരുപത സർക്കുലർ ഇറക്കിയിരിക്കുന്നത്. അതിരൂപതയുടെ കീഴിലുള്ള ഇടവകകളിൽ സർക്കുലർ വായിച്ചു.
ഇടതു സംഘടനകൾ മുന്നോട്ട് വയ്‌ക്കുന്ന സ്ഥാനാർത്ഥികളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണമെന്നും സർക്കലറിൽ പറയുന്നു. നാടകം ക്രൈസ്തവ വിശ്വാസത്തിനെയും പുരോഹിതരെയും അപഹസിക്കുന്നതാണ്. ക്രിസ്ത്യൻ സമുദായത്തെ അവഹേളിക്കുന്ന കക്കുകളിയെ ഉന്നത കലാസൃഷ്ടി എന്നനിലയിലാണ് ഇടത് സർക്കാർ അവതരിപ്പിക്കുന്നത്. കക്കുകളി നിരോധിക്കണമെന്ന ആവശ്യവും തൃശൂർ അതിരൂപത മുന്നോട്ട് വെക്കുന്നുണ്ട്. ഇടത് സർക്കാരിനെയും സാംസ്‌കാരിക വകുപ്പിനെയും അതീ രൂക്ഷമായ ഭാഷയിലാണ് സർക്കുലർ വിമർശിക്കുന്നത്.
വിവാദ നാടകം കക്കുകളിക്കെതിരെ സീറോ മലബാർ സഭയുടെ ഇടവകകളിലും ഇടയലേഖനം വായിച്ചു. കമ്യൂണിസ്റ്റ് സംഘടനകൾ നാടകത്തിനു വലിയ പ്രചരണം നൽകുന്നത് അപലപനീയമാണെന്ന് ഇടയലേഖനത്തിൽ പറയുന്നു. കക്കുകളി നാടകത്തിനെതിരെ കെസിബിസിയും രംഗത്ത് വന്നിരുന്നു. അന്താരാഷ്‌ട്ര നാടകോത്സവ വേദിയിൽ അവതരിപ്പിച്ച ‘കക്കുകളി’ എന്ന നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമെന്നാണ് കെസിബിസിയുടെ നിലപാട്.
ഫ്രാൻസിസ് നൊറോണയുടെ നോവലിനെ ആസ്പദമാക്കിയാണ് കക്കുകളി നാടകം രചിച്ചിരിക്കുന്നത്. ക്രിസ്തീയ വിഭാഗം ഏറ്റവും കൂടുതലുള്ള വേലൂർ എന്നഗ്രാമത്തിലാണ് നാടകം ആദ്യമായി വേദിയിലെത്തിയത്. മന്ത്രി സജി ചെറിയാനും എം വി ഗോവിന്ദനും അടക്കമുള്ളവർ നാടകത്തെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
















Comments