എറണാകുളം : കേന്ദ്ര മലിനീകരണനിയന്ത്രണ ബോർഡ് നിയോഗിച്ച വിദഗ്ദ സംഘം കൊച്ചിയിൽ എത്തിയെന്നറിയിച്ച് ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കർ. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലീന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പരിശോധനയ്‌ക്കായി നിയമിച്ച സംഘമാണ് കൊച്ചിയിലെത്തിയത്. പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളെല്ലാം തന്നെ ജനവിരുദ്ധമാണെന്ന് അദ്ദേഹം പരാമർശിച്ചു. തീ പിടിത്തമുണ്ടായത് വെറുമൊരു അപകടമായി ചിത്രീകരിക്കാനാണ് ഇപ്പോഴും കോർപ്പറേഷൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായത് മനുഷ്യ നിർമ്മിത ദുരന്തമാണ്. കൊച്ചി കോർപറേഷൻ കരാർ കൊടുത്ത കമ്പനിക്ക് മതിയായ പ്രവർത്തന പരിചയമില്ലാത്തതും ഇതിന് കാരണമായി. അവിടെ മാലിന്യം കെട്ടിക്കിടക്കുന്നതല്ലാതെ ഇത് തരം തിരിക്കുകയോ സംസ്‌കരിക്കുകയോ ബയോ മൈനിങ് ചെയ്തിരുന്നില്ല. ഇങ്ങനെയാണ് ഇവിടെ ഇത്രമാത്രം വലിയ മാലിന്യക്കൂമ്പാരം രൂപപ്പെടാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കമ്പനിയുമായുള്ള കരാർ കൊല്ലം, കണ്ണൂർ കോർപ്പറേഷനുകൾ പിൻവലിച്ചിരുന്നു. എന്നാൽ കൊച്ചി കോർപ്പറേഷൻ കരാറുമായി മുന്നോട്ട് നീങ്ങുകയായിരുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ കീഴിൽ നടക്കുന്ന അഴിമതിയുടെയും കൊള്ളയുടെയും ബാക്കിപത്രമാണ് ബ്രഹ്മപുരത്തെ ദുരന്തമെന്നും അദ്ദേഹം ആരോപിച്ചു. മൂന്ന് ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും കനത്ത വെല്ലുവിളിയാണിതെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
















Comments