എറണാകുളം: ബ്രഹ്‌മപുരം സ്പന്ദിക്കുന്ന ടൈം ബോംബായിരുന്നുവെന്ന് സംസ്ഥാന സർക്കാർ തുറന്ന് സമ്മതിക്കണമെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ. ഇവിടെ മുൻപും തീപിടിത്തം ഉണ്ടായിട്ടുണ്ട്. അത് പക്ഷെ ആരും ആരും അറിഞ്ഞില്ലെന്ന മാത്രം. ഇത്രയധികം മാലിന്യം സംസ്‌ക്കരിക്കാതെ ഈ പ്രദേശത്ത് സംഭരിച്ചുവെച്ചുവെന്നത് തന്നെ ഗുരുതര കുറ്റകൃത്യമാണ് രഞ്ജി പണിക്കർ പറഞ്ഞു.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ മുൻപ് ഉണ്ടായിട്ടില്ലാത്ത തരത്തിൽ ഏറ്റവും വലിയ നിശബ്ദമായ വിസ്‌ഫോടനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസമായി കൊച്ചിയിലെ ജനങ്ങൾ അനുഭവിക്കുകയാണ്. കേരളത്തിൽ പല സ്ഥലത്തും ഇത്തരം ഭീഷണി ഉണ്ട്. കൊച്ചി വിട്ടു പോകാൻ ഇടമില്ലാത്തവർ എന്ത് ചെയ്യുമെന്ന് രഞ്ജി പണിക്കർ ചോദിച്ചു. ആളുകളെ മാറ്റിപ്പാർപ്പിക്കൽ അടക്കം നടത്തേണ്ടത് സർക്കാരാണ്.
ദുരന്തം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഇപ്പോഴും സർക്കാരിന് കൃത്യമായി ബോധ്യമില്ല. പ്രദേശം സന്ദർശിച്ച മന്ത്രിമാർ പോലും പറയുന്നത് ആശങ്കവേണ്ട എന്നാണ്. എത്ര നിസാരമായാണ് അവർ അത് പറയുന്നത്. ആളുകൾ ഇപ്പോഴും ഈ വിഷപ്പുക ശ്വസിച്ച് കൊണ്ടിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് പ്രശ്‌നം പരിഹരിക്കുമെന്ന പറഞ്ഞ ആളുകൾ എവിടെ, പത്ത് ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് നിങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്തത്. അതിന് കൃത്യമായ ഒരു ഉത്തരം ജനങ്ങളോട് പറയാൻ ഇവർക്ക് സാധിച്ചോ. ഗുരുതരമായ കുറ്റകൃത്യമാണ് സംഭവിച്ചിരിക്കുന്നത് രഞ്ജി പണിക്കർ കൂട്ടിച്ചേർത്തു.
.
















Comments