തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വിപണിയിൽനിന്ന് വാങ്ങുന്ന കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി ഓപ്പറേഷൻ പ്യുവർ വാട്ടർ. ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി മന്ത്രി വീണ ജോർജ് പറഞ്ഞു. ഇന്നും ഇന്നലെയുമായി 156 സ്ഥാപനങ്ങൾ പരിശോധിച്ചു. ഇതിൽ വിവിധ കമ്പനികളുടെ 38 സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചന്നും മന്ത്രി പറഞ്ഞു.
കുപ്പി വെള്ളങ്ങൾ വെയിലേൽക്കാതെ കൊണ്ടുപോകുന്നുണ്ടോ എന്ന് അറിയുന്നതിന് 44 വാഹനങ്ങൾ പരിശോധിച്ചു. ജ്യൂസുകളും പാനീയങ്ങളും നിർമ്മിക്കുന്നത് ശുദ്ധജലത്തിലും ശുദ്ധജലത്തിൽ നിർമ്മിച്ച ഐസുമാണോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ശേഖരിച്ച സാമ്പിളുകൾ വിശദ പരിശോധനക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ അനലിറ്റിക്കൽ ലാബുകളിൽ അയച്ചു.
ഗുണനിലവാരം ഇല്ലാത്ത കമ്പനികൾക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കുപ്പി വെളളം വെയിൽ ഏൽക്കുന്ന രീതിയിൽ വിതരണം നടത്തിയ രണ്ട് വാഹനങ്ങൾക്കെതിരെ പിഴ ചുമത്തി. കടകളിലും മറ്റും കുപ്പി വെളളം വെയിൽ ഏൽക്കാത്ത രീതിയിൽ സൂക്ഷിച്ച് വിൽപന നടത്തണമെന്നും നിർദ്ദേശമുണ്ട്.
















Comments