എറണാകുളം: സുജയ പാർവതിയെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് 24 ന്യൂസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി ബിഎംഎസ്. കൊച്ചി കടവന്ത്രയിലെ കോർപ്പറേറ്റ് ഓഫീസിലേക്കായിരുന്നു ബിഎംഎസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തിയത്. 24 ചാനൽ നിക്ഷ്പക്ഷമായാണ് പ്രവർത്തിക്കുന്നതെന്തിൽ അടിയന്തിരമായി തീരുമാനം പുന:പരിശോധിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. ഇല്ലാത്ത പക്ഷം സമരം ശക്തമാക്കുമെന്നും സംഘടന അറിയിച്ചു.
ബിഎംഎസ് വനിതാ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി സുജയ പാർവതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ധാനമന്ത്രിയെ കുറിച്ച് നടത്തിയ പ്രസ്താവനയിൽ ഉറച്ചുതന്നെ നിൽക്കുന്നതായും വിമർശനങ്ങൾ ഉയർന്നെന്ന് കരുതി നിലപാട് മാറ്റില്ലെന്നും സുജയ പറഞ്ഞു. മാദ്ധ്യമ പ്രവർത്തക എന്ന നിലയിൽ പ്രൊഫഷനോട് നൂറ് ശതമാനം ആത്മാർത്ഥത പുലർത്തിത്തന്നെയാണ് ജോലി ചെയ്തിട്ടുള്ളത്. മാദ്ധ്യമ ധർമ്മത്തിനെതിരായ ഒന്നും തന്നെ ചെയ്തിട്ടില്ല. രാഷ്‌ട്രീയ കാഴ്ചപ്പാടിനെയും ജോലിയേയും രണ്ടായിട്ടാണ് കാണുന്നത്. പ്രതിഷേധങ്ങൾ ഉയർന്നെന്ന് കരുതി നിലപാട് മാറ്റാൻ താൻ തയ്യാറല്ലെന്നും സുജയ ജനം ടിവിയോട് പറഞ്ഞു.
തൃപ്പുണ്ണിത്തുറയിൽ വനിതാ ദിനത്തിൽ ബിഎംഎസ് സംഘടിപ്പിച്ച വനിതാ സംഗമത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞുകൊണ്ടുള്ള സുജയയുടെ പരാമർശം. ഇക്കഴിഞ്ഞ ഒമ്പത് വർഷക്കാലം കൊണ്ട് നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന് തിരിഞ്ഞുനോക്കിയാൽ മനസ്സിലാകുമെന്നും അതിന് മുമ്പ് രാജ്യത്തിന്റെ അവസ്ഥ എങ്ങനെയായിരുന്നു എന്ന് ചിന്തിക്കണമെന്നും സുജയ പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിൽ മാത്രമല്ല, നമ്മുടെയൊക്കെ ജീവിതത്തിൽ തന്നെ മാറ്റം വരുത്തിയ ഒമ്പത് വർഷങ്ങളാണ് കടന്നുപോയതെന്നും സുജയ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
Comments