ഇന്ത്യയുടെ അഭിമാനം കൊടുമുടിയിലേറിയ നിമിഷമായിരുന്നു ഓസ്‌കർ ദിനം. രാജ്യത്തെ 130 കോടി ജനങ്ങളും ഓരേ പോലെ ഒരേ നിമിഷം ആഹ്ലാദ തിമിർപ്പിലായ സമയമായിരുന്നു അത്. 95-ാമത് ഓസ്‌കർ അവാർഡിൽ ഒരിജിനൽ സോംഗ് വിഭാഗത്തിൽ ആർആർആറിലെ നാട്ടു നാട്ടുവിന് പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ സംഗീത സംവിധായകൻ കീരവാണി വേദിയിൽ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇത്തരമൊരു വേദി സ്വപ്‌നം കണ്ടിരുന്നതാണെന്നും അത് യാഥാർത്ഥ്യമാകാൻ ഒപ്പം നിന്ന ഏവർക്കും നന്ദിയും അദ്ദേഹം പറഞ്ഞു. കൂടാതെ തന്റെ കുട്ടിക്കാലത്ത് വളർന്നത് ‘കാർപെന്റേഴ്‌സിനെ’ കേട്ടികൊണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കീരവാണി പറഞ്ഞ കാർപെന്റേഴ്‌സ് എന്ന വാക്ക് പലരും മനസിലാക്കിയത് മറ്റൊരു രീതിയിലായിരുന്നു. കാർപെന്റേഴ്‌സിനെ ആശാരിമാരെന്നാണ് പലരും വിവർത്തനം ചെയ്തത്. എന്നാൽ കീരവാണി പറഞ്ഞ ‘കാർപെന്റേഴ്‌സ്’ വെസ്റ്റേൺ മ്യൂസിക് ബാൻഡിനെ കുറിച്ചായിരുന്നു. സംഭവത്തിന് പിന്നാലെ ഇത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയുമുണ്ടായി.
വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരാടി. സംഗീതത്തിലെ അളവും തൂക്കവും കൃത്യമായി അറിയുന്നവർ തന്നെയാണ് സംഗീതത്തിലെ പെരുന്തച്ചന്മാർ.. കാർപെന്റേഴ്‌സ് എന്ന സംഗീത ബാൻഡിന് ആ പേര് വരാനുള്ള ക്രിയാത്മകമായ കാരണം പോലും ചിലപ്പോൾ അതായിരിക്കാം എന്നാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്:
‘Carpenters-നെ ആശാരിമാർ എന്ന് വിളിക്കുന്നത് ലോകത്തിലെ ആദ്യ സംഭവമൊന്നുമല്ല..സംഗീതത്തിലെ അളവും തൂക്കവും കൃത്യമായി അറിയുന്നവർ തന്നെയാണ് സംഗീതത്തിലെ പംരുന്തച്ചന്മാർ.. Carpenters എന്ന സംഗീത ബാൻഡിന് ആ പേര് വരാനുള്ള ക്രിയാത്മകമായ കാരണം പോലും ചിലപ്പോൾ അതായിരിക്കാം… എനിക്കറിയില്ല..എന്തായാലും മലയാളത്തിലെ ഒരു പുതിയ സംഗീത കൂട്ടായ്മയ്‌ക്ക് ഇരു കൈയും നീട്ടി സ്വീകരിക്കാൻ പറ്റുന്ന പേരാണ് ‘ആശാരിമാർ’ അല്ലെങ്കിൽ ‘പെരുന്തച്ചന്മാർ’…
എന്റെ അഭിപ്രായത്തിൽ കീരവാണിയും എആർ റഹ്‌മാനും, അമിതാഭ് ബച്ചനും, രജനികാന്തും, കമലഹാസനും, മമ്മൂട്ടിയും, മോഹൻലാലുമൊക്കെ അവരവരുടെ മേഖലയിലെ നല്ല ആശാരിമാരാണ്…അളവും തൂക്കവും അറിയുന്ന നിർമ്മാണത്തിന്റെ സൗന്ദര്യ ശാസ്ത്രമറിയുന്ന പെരുന്തച്ചന്മാർ.. മാദ്ധ്യമ പ്രവർത്തകരുടെ ഒരു ചെറിയ തെറ്റ്.. ഒരു വലിയ ശരിയിലേക്ക് വിരൽ ചൂണ്ടുന്നു. ദൈവമേ എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റണമേ’
















Comments