ആലപ്പുഴ: എടത്വ കൃഷി ഓഫീസർ എം ജിഷമോൾ പ്രതിയായ കള്ളനോട്ട് കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. തൃക്കുന്നപ്പുഴ പല്ലന മുറിയിൽ അനിൽ കുമാറാണ് (48) അറസ്റ്റിലായത്. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി.ഡി. റെജിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ അനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്.
പാലക്കാട് ജില്ലയിൽ കുഴൽപണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ കഴിഞ്ഞ ദിവസം വാളയാർ പോലീസ് അറസ്റ്റ് ചെയ്ത നാലുപേർക്കും ആലപ്പുഴയിലെ കള്ളനോട്ട് ഇടപാടുമായി ബന്ധമുണ്ടെന്ന് ഏറെക്കുറെ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കള്ളനോട്ട് കേസിൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ജിഷയുടെ സുഹൃത്ത് ആലപ്പുഴ ഗുരുപുരം തെക്കേവേലി വീട്ടിൽ എ.അജീഷ് കുമാർ (25), അവലൂക്കുന്ന് കരുവാരപ്പറമ്പ് ശ്രീകുമാർ (42), കാളത്ത് തറയിൽവേലി എസ്.ഷാനിൽ (38), ആര്യാട് കണ്ടത്തിൽ ഗോകുൽരാജ് (27) എന്നിവരെയാണ് പാലക്കാട് നിന്ന് വാളയാർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുന്ന പ്രതികളെ പിന്നീട് ആലപ്പുഴ കള്ളനോട്ട് കേസ് അന്വേഷണത്തിന്റെ ഭാഗമായി കോടതി വഴി ആലപ്പുഴ പോലീസിന് കൈമാറുമെന്നും വാളയാർ പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.
















Comments