തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കായി കേന്ദ്രം അനുവദിച്ച നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടുകൾ വകമാറ്റി ചെലവഴിക്കുന്നതായി ആരോപണം. കഴിഞ്ഞ വർഷം അനുവദിച്ച 311 കോടി രൂപ ഇതുവരെയും സർക്കാർ വിതരണം ചെയ്തിട്ടില്ല. നവജാത ശിശു മരണ നിരക്ക് കുറയ്‌ക്കുന്നതിനും സംസ്ഥാനത്തെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമാണ് കേന്ദ്രം ഫണ്ട് അനുവദിച്ചത്.
സംസ്ഥാനത്തെ ആരോഗ്യവികസനത്തിനും നവജാത ശിശു മരണ നിരക്ക് കുറയ്‌ക്കുന്നതിനുമുള്ള ഗ്രാൻഡ് രണ്ട് ഘട്ടങ്ങളിലായാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. ആദ്യ ഗഡുവായി 124.44 കോടി രൂപയും രണ്ടാം ഗഡുവായി 188.66 കോടി രൂപയുമാണ് നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ചത്. എന്നാൽ ഈ തുക നാളിതുവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടില്ല. 2022-23 ലെ സർക്കാർ അംഗീകരിച്ച ആരോഗ്യ പദ്ധതികൾ നടപ്പിലാക്കുന്നതിലേക്കാണ് നാഷണൽ ഹെൽത്ത് മിഷൻ അടിയന്തിരമായി തുക അനുവദിച്ചത്. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ അനുവദിച്ച തുക ഇതുവരെയും വിനിയോഗിച്ചിട്ടില്ല.
മെഡിക്കൽ കോളജ് ആശുപത്രികളിലടക്കം അവശ്യ മരുന്നുകൾ പോലും ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഈ അവസരത്തിൽ എൻഎച്ച് ഴി കേന്ദ്രം അനുവദിച്ച തുക കൃത്യമായി വിനിയോഗിക്കാത്തത് സർക്കാരിന്റെ പിടിപ്പുകേടാണെന്നാണ് ഉയരുന്ന വാദം. ദേശീയ ആരോഗ്യ പരിപാടികളുടെ വിപുലീകരണം, എൻഎച്ച്എമ്മിന് കീഴിലുള്ള ആരോഗ്യ വികസന പ്രവർത്തനങ്ങളാണ് ഇതുവഴി ലക്ഷ്യം വയ്‌ക്കുന്നത്. കേന്ദ്രം അനുവദിക്കുന്ന നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടുകൾ സംസ്ഥാനത്ത് ചെലവഴിക്കുന്നത് തുടർച്ചയായി വൈകുന്നത് വ്യാപക പരാതിക്ക് ഇടയാക്കുന്നു. 311 കോടി 10 ലക്ഷം രൂപയാണ് സർക്കാർ ആരോഗ്യവികസനത്തിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറാനുള്ളത്.
















Comments