എറണാകുളം: ബിഎംഎസ് സംഘടിപ്പിച്ച വനിതാ സംഗമത്തിൽ പങ്കെടുത്തതിന് ന്യൂസ് എഡിറ്ററായ സുജയ പാർവതിയെ സസ്പെൻഡ് ചെയ്ത 24 ന്യൂസ് ചാനലിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിഎംഎസ്. ചാനലിനെതിരെ രണ്ടാംഘട്ട പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ബിഎംഎസ്. 24 ചാനലിന്റെ എല്ലാ ജില്ലാ ആസ്ഥാനങ്ങൾക്ക് മുന്നിലും വനിതാ ധർണ്ണകൾ സംഘടിപ്പിക്കും. ട്വന്റി ഫോർ കൊച്ചി കോർപ്പറേറ്റ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്താനും ബിഎംഎസ് തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ, ട്വന്റി ഫോറിന്റെ ലൈവ് റിപ്പോർട്ടിംഗ് സ്ഥലങ്ങളിൽ തൊഴിലാളി പ്രക്ഷോഭങ്ങളും ചാനൽ ബഹിഷ്‌കരണ ക്യാമ്പയിനുകളും സംഘടിപ്പിക്കുമെന്ന് ബിഎംഎസ് പറഞ്ഞു. നേരത്തെ, മാർച്ച് 13-ന് കൊച്ചിയിലെ 24 കോർപ്പറേറ്റ് ഓഫീസിലേക്ക് ബിഎംഎസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തിയിരുന്നു. സ്ഥാപനത്തിന്റെ ഭാഗമായി പ്രവർത്തുക്കുന്ന മാദ്ധ്യമ പ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധ റാലി.
വനിതാ ദിനത്തോട് അനുബന്ധിച്ച് സംഘടന സംഘടിപ്പിച്ച വനിതാ സമ്മേളനത്തിൽ പങ്കെടുത്തതിന് സുജയ പാർവതിയ്‌ക്ക് നേരെ സ്വീകരിച്ചിരിക്കുന്ന നടപടി ഒരിക്കലും അംഗീകരിക്കാനാകില്ല എന്ന് ബിഎംഎസ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയുടെ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചതിനാണ് നടപടിയെന്നും സംസ്ഥാനത്തെ ഏറ്റവും പ്രമുഖ മാദ്ധ്യമ പ്രവർത്തകയ്‌ക്ക് പോലും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാടാണ് 24 മാനേജ്മെന്റ് സ്വീകരിക്കുന്നതെന്നും ബിഎംഎസ് അഭിപ്രായപ്പെട്ടു.
Comments