സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാതെയാണ് ഓരോ സൈനികനും അതിർത്തിയിൽ സുരക്ഷയൊരുക്കുന്നത്. മഞ്ഞായാലും കൊടും വെയിലായാലും അതിന് ഒരു മാറ്റവും ഉണ്ടാകില്ല. ഓരോ ഇന്ത്യൻ പൗരനും സമാധാനപൂർവ്വം ഉറങ്ങുന്നതിന് പിന്നിലെ കരങ്ങളോട് നാം എന്നും കടപ്പെട്ടിരിക്കുന്നു.
രാജ്യത്തെ പൗരന്മാരെ മാത്രമല്ല, വിദേശികളെ പോലും രക്ഷിക്കുന്നതിൽ ഉപേക്ഷ തോന്നാത്തവരാണ് ധീരസൈനികർ. അത്തരത്തിലൊരു വാർത്തയാണ് സിക്കിമിൽ നിന്നും പുറത്തുവരുന്നത്. പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയാണ് റിപ്പോർട്ട് ചെയ്യുന്നത്. കിഴക്കൻ സിക്കിമിൽ നിന്നും ആയിരത്തിലധികം വിനോദസഞ്ചാരികളെയാണ്
മഞ്ഞുവീഴ്ചയിൽ നിന്നും സൈന്യം രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയവരിൽ സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടുന്നു.
നേരത്തെയും സമാന രീതിയിൽ സൈന്യം രക്ഷാപ്രവർത്തനം നടത്തിയിരുന്നു. മാർച്ച് 12-ന് കിഴക്കൻ സിക്കിമിൽ കനത്ത മഞ്ഞുവീഴ്ചയിൽ കുടുങ്ങിയ 370 വിനോദ സഞ്ചാരികളെ പോലീസിന്റെ സഹായത്തോടെ സൈന്യം രക്ഷിച്ചിരുന്നു. ചാങ്ഗു തടാകത്തിൽ നിന്ന് മടങ്ങവേയാണ് വിനോദ സഞ്ചാരികളുടെ വാഹനം കുടുങ്ങിയത. തുടർന്ന് സൈന്യം പ്രത്യേക ഓപ്പറേഷനിലൂടെ സഞ്ചാരികളെ സുരക്ഷിത സ്ഥലങ്ങളിലെത്തിക്കുകയായിരുന്നു. പാർപ്പിടം, വസ്ത്രം, വൈദ്യസഹായം, ഭക്ഷണം എന്നിവയും വിനോദ സഞ്ചാരികൾക്ക് നൽകി. സൈന്യത്തിന്റെ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളിൽ വിനോദസഞ്ചാരികൾ പൂർണ തൃപ്തി പ്രകടിപ്പിച്ചാണ് മടങ്ങിയത്.
















Comments