ന്യൂഡൽഹി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്ക്ക് തിരിച്ചടി. സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ചാണ് കർദിനാൾ ഉൾപ്പടെ നൽകിയ ഹർജികളിൽ വിധി പ്രസ്താവിച്ചത്.
പള്ളി വക വസ്തുക്കൾ വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരായാണ് കർദിനാൾ ഹർജി നൽകിയിരുന്നത്. സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരൻ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാൻ ശ്രമിച്ചെന്ന് കർദിനാൾ ആരോപിച്ചിരുന്നു. കർദിനാളിന് അനുകൂലമായ വിധിയാണ് സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ സ്വീകരിച്ചത്. കർദിനാളിന് എതിരായ ഒരു പരാതിയിൽ അന്വേഷണം അവസാനിപ്പിച്ചതായി സർക്കാർ പറഞ്ഞിരുന്നു. നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയില്ല. കോടതി ആവശ്യപ്പെട്ടാൽ ഇനിയും അന്വേഷിക്കാമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീം കോടതിയിൽ സൂചിപ്പിച്ചിരുന്നു.
കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കർദിനാൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരൻ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാൻ ശ്രമിച്ചെന്നും കർദിനാൾ സുപ്രീം കോടതിയിൽ ആരോപിച്ചിരുന്നു.
















Comments