കൊല്ലം: ഒരുനോക്ക് കാണാനായി കാത്തിരുന്ന കുരുന്നുകൾക്ക് മിഠായി സമ്മാനിച്ച് രാഷ്‌ട്രതി ദ്രൗപതി മുർമു. രാവിലെ കൊല്ലം വള്ളിക്കാവ് മാതാ അമൃതാനന്ദമയി ആശ്രമത്തിൽ സന്ദർശനം നടത്തി മടങ്ങവെയാണ് വഴിയരികിൽ കാത്തുനിന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് രാഷ്‌ട്രപതി എത്തിയത്.
കൊല്ലം ശ്രായിക്കാട് എൽ.പി സ്‌കൂളിലെ കുരുന്നുകൾക്കാണ് ഈ ഭാഗ്യം ലഭിച്ചത്. യാത്രക്കിടയിൽ വാഹനം നിർത്തിച്ച് രാഷ്‌ട്രപതി പുറത്തിറങ്ങുകയായിരുന്നു. റോഡിന് സമീപം കാത്തുനിന്ന കുട്ടികളുടെ അടുത്തേക്ക് ചെല്ലുകയും കൈകൊടുക്കുകയും കുശലം പറയുകയും ചെയ്തു. തുടർന്നായിരുന്നു കുട്ടികൾക്കെല്ലാം കൂടെ കൊണ്ടുവന്ന ചോക്ലേറ്റുകൾ സമ്മാനിച്ചത്.
രാഷ്‌ട്രപതി മടങ്ങിയ ശേഷം വിദ്യാർത്ഥികൾ സ്‌കൂളിൽ എത്തി രാഷ്‌ട്രപതിക്ക് നന്ദിയും രേഖപ്പെടുത്തി. ‘പ്രിയപ്പെട്ട പ്രസിഡന്റിന് സ്വാഗതം’ എന്ന പ്ലക്കാർഡും രാഷ്‌ട്രപതി സമ്മാനിച്ച മിഠായികളും ഉയർത്തിപ്പിടിച്ച് നന്ദിപ്രകടനവും വിദ്യാർത്ഥികൾ നടത്തി. രാഷ്‌ട്രപതിക്കൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്താനെത്തിയിരുന്നു. ഇവരുടെ കൂടിക്കാഴ്ച മണിക്കൂറുകൾ നീണ്ടു. ശേഷം ആശ്രമത്തിലെത്തിയിരുന്ന ആറ് മെക്സിക്കൻ എം.പിമാരുമായും ദ്രൗപതി മുർമു കൂടിക്കാഴ്ച നടത്തിയിരുന്നു.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് രാഷ്‌ട്രപതി കേരളത്തിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും ചേർന്നാണ് രാഷ്‌ട്രപതിയെ സ്വീകരിച്ചത്. രാഷ്‌ട്രപതിയായ ശേഷമുള്ള മുർമുവിന്റെ ആദ്യ കേരള സന്ദർശനമാണിത്.
















Comments