തിരുവനന്തപുരം : തനിക്ക് നട്ടെല്ല് ഒന്നല്ല, പത്തെണ്ണം ഉള്ളതുകൊണ്ടാണ് സ്വപ്‌ന സുരേഷിനെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ . സ്വപ്ന സുരേഷിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നതിന് മുൻപ് വക്കില്‍ നോട്ടീസ് അയച്ചതിനെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ന്യായീകരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍ .
വെറുതെ തോന്നിവാസം പറഞ്ഞാൽ മിണ്ടാതിരിക്കാൻ ആകില്ല . വക്കീല്‍ നോട്ടീസ് അയച്ചത് ഗുണം ചെയ്‌തോ ഇല്ലയോയെന്ന് പറയേണ്ടത് നിങ്ങളാണ്. നട്ടെല്ലുണ്ടെങ്കില്‍ കേസ് കൊടുക്കൂവെന്നാണ് പറഞ്ഞത്. നട്ടെല്ല് ഒന്നല്ല, പത്തെണ്ണം ഉണ്ടെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. അതുകൊണ്ടാണ് സ്വപ്‌നയ്‌ക്കെതിരെ കേസ് കൊടുത്തത് . അവരുടെ വിശദീകരണം നിയമപരമായി വരട്ടെ. തന്നെ അറിയില്ലെന്ന് അവര്‍ പറഞ്ഞു. എനിക്കും അറിയില്ല. വെറുതേ തോന്നിവാസം പറഞ്ഞാല്‍, പറഞ്ഞതിന് ഉത്തരം പറയണം – എം.വി. ഗോവിന്ദന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ഒത്തുതീര്‍പ്പിനായി ഇടനിലക്കാരനെ അയച്ചെന്നും 30 കോടി വാഗ്ദാനം ചെയ്തെന്നും, നാടുവിട്ട് പോയില്ലെങ്കില്‍ കൊല്ലുമെന്ന ഭീഷണി മുഴക്കിയെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. അതേസമയം ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മാപ്പ് പറയണമെങ്കില്‍ വീണ്ടും ജനിക്കണമെന്നുമാണ് സ്വപ്നയുടെ പ്രതികരണം.
Comments