ന്യൂഡൽഹി: മദ്യനയകുംഭകോണ കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി. ഡൽഹിയിലെ റൂസ് അവന്യൂ കോടതിയാണ് അഞ്ച് ദിവസത്തേക്ക് കൂടി സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടിയത്. കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മറ്റ് പ്രതികളെകൂടി ചോദ്യം ചെയ്യണമെന്നും ഇഡി കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്.
സിസോദിയയുടെ ഇമെയിലിൽ നിന്നും ഫോണിൽ നിന്നും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഫോറൻസിക് അത് വിശകലനം ചെയ്ത് വരികയാണെന്നും ഇഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഏഴ് ദിവസത്തെ ഇഡി റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ചതിനെ തുടർന്നാണ് മനീഷ് സിസോദിയയെ റൂസ് അവന്യൂ ജില്ലാ കോടതിയിൽ ഹാജരാക്കിയത്.
സിബിഐ ആവശ്യപ്പെട്ടതിനെ തുടർന്ന് റൂസ് അവന്യൂ കോടതി മാർച്ച് 20-വരെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. സർക്കാരിന്റെ മദ്യനയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും ക്രമക്കേടുകൾ കണ്ടെത്തിയത്തിയതിനെ തുടർന്നാണ് അന്വേഷണ സംഘം മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടർന്ന് ഫെബ്രുവരി 28-ന് ഡൽഹി ഉപമുഖ്യമന്ത്രി സ്ഥാനം സിസോദിയ രാജിവച്ചിരുന്നു.
















Comments