തെന്നിന്ത്യൻ സിനിമാപ്രേമികളുടെ എന്നത്തെയും ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ് ബാല രചനയും സംവിധാനവും നിർവ്വഹിച്ച് 2003-ൽ പുറത്തിറങ്ങിയ പിതാമഹൻ. വിക്രം , സൂര്യ , ലൈല , സംഗീത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 2003 ഒക്ടോബർ 24-ന് പുറത്തിറങ്ങിയ ചിത്രം വൻ വിജയമാകുകയും വിക്രത്തിന് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിക്കൊടുത്ത സിനിമ ഒട്ടനവധി മറ്റ് അവാര്‍ഡുകളും നേടി. ചിത്രം തെലുങ്കിലേക്കും കന്നഡയിലേക്കും റീമേക്കും ചെയ്തിരുന്നു.
എന്നാൽ കോടികൾ ബജറ്റില്‍ നിര്‍മ്മിച്ച ഈ സിനിമ നിര്‍മ്മാതാവിനെ സംബന്ധിച്ച് ലാഭമുണ്ടാക്കിയിരുന്നില്ല. ഇപ്പോഴിതാ ചിത്രം തനിക്കുണ്ടാക്കിയ നഷ്ടത്തെക്കുറിച്ചും ഒപ്പം താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചും ഒരു അഭിമുഖത്തില്‍ പറയുകയാണ് നിര്‍മ്മാതാവ് വി എ ദുരൈ. 13 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 50 ലക്ഷം രൂപയുടെ നഷ്ടമാണ് നിര്‍മ്മാതാവിന് ഉണ്ടാക്കിയതെന്നാണ് ദുരൈ പറയുന്നത്.
സിനിമ ഇറങ്ങുമ്പോൾ കരിയറിന്‍റെ രണ്ട് തലങ്ങളില്‍ നില്‍ക്കുന്ന താരങ്ങളായിരുന്നു വിക്രവും സൂര്യയും. വിക്രം ദൂളും സാമിയും ജെമിനിയുമൊക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയമായിരുന്നു. അതുകൊണ്ട് 1.25 കോടിയാണ് പിതാമഹനിലെ അഭിനയത്തിന് വിക്രത്തിന് പ്രതിഫലമായി നല്‍കിയത്. എന്നാൽ അന്ന് സൂര്യയ്‌ക്ക് വലിയ താരമൂല്യം ഇല്ലാതിരുന്നതിനാൽ വെറും 5 ലക്ഷം രൂപയായിരുന്നു പിതാമഹനിലെ പ്രതിഫലം. സംവിധായകന്‍ ബാലയ്‌ക്ക് 1.15 കോടിയും നല്‍കിയെന്ന് ദുരൈ പറഞ്ഞു.
ഒരുകാലത്ത് കോടികൾ പ്രതിഫലം നൽകിയിരുന്ന വിഎ ദുരൈ ഇപ്പോൾ ചികിത്സയ്‌ക്ക്
പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. അഭിമുഖത്തിനിടെ അദ്ദേഹം തനിക്കൊപ്പം പ്രവര്‍ത്തിച്ച താരങ്ങളോട് സഹായം അഭ്യര്‍ഥിക്കുന്നുണ്ട്. എന്നാൽ അഭ്യര്‍ഥനയോട് ആദ്യം പ്രതികരിച്ചത് സൂര്യയാണ്. തുടർന്ന് ആദ്യഘട്ട സഹായം എന്ന നിലയില്‍ 2 ലക്ഷം രൂപ അദ്ദേഹം നല്‍കിയതായും രജനീകാന്ത് ഫോണില്‍ വിളിച്ച് സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും ദുരൈ പറഞ്ഞു. ബാബയില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവര്‍ത്തിച്ച സമയത്ത് രജനീകാന്ത് 51 ലക്ഷം രൂപ നല്‍കി തന്നെ സഹായിച്ച കാര്യവും അഭിമുഖത്തില്‍ ദുരൈ ഓര്‍മ്മിക്കുന്നുണ്ട്.
Comments