മണിരത്‌നത്തിന്റെ മറ്റൊരു ഇതിഹാസ ചിത്രമായ പൊന്നിയൻ സെൽവൻ രാജ്യമൊട്ടാകെ നേടിയ പ്രേക്ഷക സ്വീകാര്യത വളരെ വലുതായിരുന്നു. അദ്ദേഹത്തിന്റെ സംവിധാനത്തിൽ അരങ്ങേറുന്ന പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗം ഏപ്രിൽ 28-ന് പ്രദർശനത്തിനെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാം ഭാഗത്തിലെ ഗാനം പുറത്തുവിടാൻ ഒരുങ്ങുകയാണ് എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഗാനത്തിന്റെ റിലീസ് അറിയിച്ചുകൊണ്ട് ഗ്ലിംപ്‌സ് പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
‘അഗാ നാഗ’ എന്ന ഗാനമാണ് പുറത്തിറങ്ങുന്നത്. ശക്തീശ്രീ ഗോപാലനാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. ഗാന രചന നിർവഹിച്ചിരിക്കുന്നത് ഇളങ്കോ കൃഷ്ണനാണ്. ഗാനവുമായി ബന്ധപ്പെട്ട് തൃഷയും കാർത്തിയും ഒന്നിച്ചുള്ള ഒരു ഫോട്ടോ ഉൾപ്പെടുത്തിയ പോസ്റ്റർ പുറത്തുവിട്ടത് ആരാധകർ ഏറ്റെടുത്തിരുന്നു.
വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര എന്നിങ്ങനെ ആരാധകശ്രദ്ധ ഏറെയുള്ള അഭിനേതാക്കളും ‘പൊന്നിയിൻ സെൽവനി’ൽ അണ്ിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം 125 കോടിക്കാണ് വിറ്റുപോയതെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ആദ്യ പതിപ്പ് പ്രദർശനത്തിനെത്തിയിരുന്നു.
തോട്ട ധരണിയും വാസിം ഖാനുമാണ് ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ്. കൽക്കി കൃഷ്ണമൂർത്തിയുടെ ഇതിഹാസ നോവലിനെ ആസ്പദമാക്കിയാണ് അതേ പേരിൽ തന്നെ മണിരത്‌നം ‘പൊന്നിയിൻ സെൽവൻ’ ഒരുക്കിയത്. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം. ആനന്ദ് കൃഷ്ണമൂർത്തിയാണ് സൗണ്ട് ഡിസൈനർ. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
Comments