ജയ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ പന്ത്രണ്ടോളം പേർ കൃഷ്ണമൃഗത്തെ വേട്ടയാടി മാംസം പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ജോധ്പൂർ-ബാർമർ അതിർത്തി മേഖലയിലാണ് സംഭവം. വീഡിയോ പുറത്ത് വന്നതിന് ശേഷം പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ഇത് ബീഷാണോയി സമൂഹത്തിലും വന്യജീവി സംരക്ഷണ പ്രവർത്തകരുടെ ഇടയിലും വൻ പ്രതിഷേധത്തിന് കാരണമായി.
കൃഷ്ണമൃഗത്തെ മരത്തിൽ കെട്ടിത്തൂക്കിയിട്ടശേഷം തൊലി ഉരിക്കുകയും മാംസം മുറിച്ചെടുക്കുകയും ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്. സംഭവം പുറത്ത് അറിഞ്ഞതോടെ പ്രദേശത്ത് സംഘർഷം തുടങ്ങിയിരുന്നു. വീഡിയോയിൽ കാണുന്ന എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബീഷ്‌ണോയി സമൂഹം രംഗത്ത് വന്നിട്ടുണ്ട്. വന്യജീവി സംരക്ഷണ പ്രവർത്തകർ പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ പ്രതികളെ കണ്ടെത്തി കർശന നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട്.
ജോധ്പൂർ അതിർത്തി മേഖലയിൽ ആളുകൾ സംഘം ചേർന്ന് താമസിക്കുകയും കൃഷ്ണമൃഗം ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ വേട്ടയാടുകയും ചെയ്യുന്നുണ്ട്. കൃഷ്ണമൃഗത്തെ വേട്ടയാടി ഹോട്ടലുകളിൽ വിൽക്കുന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
















Comments