തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന് കൊടിയേറി. ഉത്സവത്തിന്റെ ഭാഗമായുള്ള മണ്ണുനീർ കോരൽ ചടങ്ങ് ചൊവ്വാഴ്ച വൈകുന്നേരം നടന്നു. മിത്രാനനന്ദപുരം ക്ഷേത്രകുളത്തിലായിരുന്നു ചടങ്ങുകൾ. മാർച്ച് 25 വരെ അടിയന്തരപൂജയും കലശാഭിഷേകവും ഹോമവും നടക്കും. നാളെ ശുദ്ധി പഞ്ചകം, ധാര ഹോമം എന്നിവയും നടക്കും. 25-ന് തത്വകലശം, തത്വഹോമം എന്നിവയും നടക്കും.
മണ്ണുനീർ കോരി വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിൽ കൊണ്ടുവന്ന് തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിനെ ഏൽപിക്കുകയും തന്ത്രിയും പരികർമ്മിമാരും ചേർന്ന് മണ്ണിൽ നവധാന്യങ്ങൾ വിതറുകയും മുളയ്‌ക്കുന്ന ധാന്യങ്ങൾക്ക് നിത്യവും പൂജ നടത്തുകയുമാണ് ചെയ്യുന്നത്. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദ്രവ്യ കലശം നടത്തുന്നതിന് ഉത്സവ കൊടിയേറ്റിന് ഏഴു ദിവസം മുന്നേ നവധാന്യങ്ങൾ മുളപ്പിക്കുന്നതിലേക്കായി മിത്രാനന്ദപുരം കുളത്തിൽ നിന്ന് മണ്ണും നീരും കോരുന്ന ഭക്തി നിർഭരമായ ചടങ്ങാണ് മണ്ണുനീരു കോരൽ ചടങ്ങ്.
ഉത്സവത്തിന്റെ താന്ത്രിക ചടങ്ങുകളുടെ ആരംഭം കൂടിയാണിത്. സന്ധ്യാ ദീപാരാധനയ്‌ക്കു ശേഷം ഒറ്റക്കൽ മണ്ഡപത്തിലെ സോപാനക്കല്ലിൽ പാണി വിളക്ക് തെളിച്ചു ചടങ്ങുകൾ തുടങ്ങും. പാണി കൊട്ടിന്റെ അകമ്പടിയിൽ ആഴാതി ഭണ്ഡാരക്കുടവും ചുമലിലേന്തി കിഴക്കേ നടയിൽ എത്തി കൊടിമരമണ്ഡപത്തിന് ചുറ്റും പ്രദക്ഷിണം നടത്തും.ശേഷം തീവെട്ടിയും, നാഗസ്വരവും പാണിവിളക്കുകളും അകമ്പടിയായി പടിഞ്ഞാറേ നട വഴി പുറത്തിറങ്ങി മിത്രാനന്തപുരത്തിന്റെ കിഴക്കേ കുളപ്പുരയിൽ എത്തി ഭണ്ഡാരക്കുടം ചുമലിൽ വച്ച് കുളത്തിൽ മുങ്ങി മണ്ണും നീരും കോരും. തിരികെ ക്ഷേത്രത്തിനകത്തു കയറി മണൽ മാറ്റി കുടം സോപാനക്കല്ലിൽ വച്ച് വണങ്ങും.
പിന്നീട് തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാട് മുളയറപ്പുരയിലെ മുളപാലികയിൽ മണ്ണുംനീരും നിറച്ച് നവധാന്യം വിതറും. കൊടിയേറ്റ് ദിവസം രാവിലെ വീണ്ടും മണ്ണുനീർ കോരി ഒരിക്കൽ കൂടി മുളയിടും. ദിവസപൂജകൾക്ക് ശേഷം മുളയിട്ട നവധാന്യം പള്ളിവേട്ട ദിവസം പുറത്തെടുക്കും. മിത്രാനന്ദപുര ക്ഷേത്ര കുളത്തിന്റെ അടിമണ്ണ് പന്നി (വരാഹം) കുത്തിയതാണെന്നും, വരാഹം മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നായതിനാൽ ആ മണ്ണ് ചടങ്ങിന് എടുക്കുന്നു എന്നൊരു ഐതീഹ്യമുണ്ട്.
Comments