സ്വന്തം റെക്കോർഡ് തിരുത്തി വീണ്ടും പുത്തൻ റെക്കോർഡ് സൃഷ്ടിച്ച് സർവാൻ സിംഗ്. കനേഡിയൻ സിഖുകാരനായ സർവാൻ സിംഗ് താടിയുടെ പേരിൽ സൃഷ്ടിച്ച ഗിന്നസ് റെക്കോർഡാണ് വീണ്ടും തിരുത്തി കുറിച്ചിരിക്കുന്നത്. പുതിയ റെക്കോർഡ് പ്രകാരം സിംഗിന് 2.54 മീറ്റർ നീളമുള്ള താടിയുണ്ടെന്ന് ഗിന്നസ് അധികൃതർ അറിയിച്ചു. എട്ടടിയും 3 ഇഞ്ചുമാണ് സിംഗിന്റെ താടിയുടെ നീളം.
നേരത്തെ, 2008-ലായിരുന്നു സിംഗ് ആദ്യ റെക്കോർഡിട്ടത്. അദ്ദേഹത്തിന്റെ താടിയുടെ നീളം 2.33 മീറ്റർ കടന്നതോടെ (ഏഴടി, എട്ടിഞ്ച്) സ്വീഡൻ സ്വദേശിയായ ബിർഗെർ പെല്ലാസിന്റെ റെക്കോർഡ് പഴങ്കഥയായി. 12 വർഷം പിന്നിട്ടപ്പോൾ സിംഗിന്റെ താടി മുമ്പത്തേക്കൾ ഒരുപാട് നരച്ചുവെങ്കിലും വീണ്ടും നീളം വെച്ചുവെന്നതാണ് യാഥാർത്ഥ്യം. ഇതോടെ പുതിയ റെക്കോർഡ് സൃഷ്ടിക്കുകയായിരുന്നു.
തന്റെ 17-ാം വയസ് മുതലാണ് സിംഗ് താടി വളർത്താൻ തുടങ്ങിയത്. അന്നുമുതൽ ഇന്ന് വരെ അദ്ദേഹം താടി വെട്ടിയിട്ടില്ല. കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് പോലെ ആവശ്യമായ കരുതൽ നൽകിയാണ് സിംഗ് താടി വളർത്തിയതെന്നാണ് പറയപ്പെടുന്നത്. ഷാംപൂ ചെയ്ത് കണ്ടീഷണർ ഇട്ടതിന് ശേഷം ഈർപ്പമകറ്റി താടിയുണക്കും. തുടർന്ന് എണ്ണ പുരട്ടി താടി കോതി വച്ച് ദിവസവും ശുശ്രൂഷിക്കും. പുറത്തേക്ക് ഇറങ്ങുമ്പോഴും മറ്റും ഒരു തുണി കൊണ്ട് താടി മറച്ചുവയ്‌ക്കുകയും ചെയ്യും. പ്രത്യേക അവസരങ്ങളിലും ചടങ്ങുകളിലും മാത്രമാണ് സിംഗ് തന്റെ സവിശേഷ താടി പ്രദർശിപ്പിക്കാറുള്ളത്. ദൈവത്തിന്റെ അനുഗ്രഹമാണിതെന്നും തന്റെ സ്വന്തം നേട്ടമല്ല ഈ താടിയെന്നും സിംഗ് വിശ്വസിക്കുന്നു.
Comments