മുംബൈ : ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മരണകാരണം എന്താണെന്ന് വ്യക്തമാക്കിയുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
അദ്ദേഹത്തിന്റെ സുഹൃത്തും സംവിധായകനുമായ ഹൻസൽ മേഹ്തയാണ് ട്വിറ്ററിലൂടെ വിവരം പങ്കുവെച്ചത്. അജയ് ദേവ്ഗൺ, മനോജ് ബാജ്‌പോയി, അശോക് പണ്ഡിറ്റ് തുടങ്ങി സിനിമാതാരങ്ങൾ ഉൾപ്പടെ നിരവധി പേർ അദ്ദേഹത്തിന് ആദരാഞ്ജലി അറിയിച്ചു.
2003-ൽ പുറത്തിറങ്ങിയ മുന്നാ ഭായ് എം.ബി.ബി.എസിൽ എഡിറ്ററായാണ് പ്രദീപ് സർക്കാർ സിനിമയിൽ അരങ്ങേറ്റം കുറിയ്‌ക്കുന്നത്. 2005-ൽ പുറത്തിറങ്ങിയ പരിണീത എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്ത് ചുവടുകളുറപ്പിയ്‌ക്കുന്നത്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു പരിണീത. ചിത്രത്തിൽ വിദ്യ ബാലൻ, സെയ്ഫ് അലിഖാൻ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലഗ ചുൻരി മേൻ ദാഗ്, മർദാനി, ഹെലികോപ്റ്റർ ഈല എന്നിവയാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മറ്റ് പ്രധാന ചിത്രങ്ങൾ.
Comments