തിരുവനന്തപുരം: പിതൃ സഹോദരിയേയും ഭർത്താവിനേയും കൊലപ്പെടുത്തിയ കേസിൽ പഴയിടം സ്വദേശി അരുണിന് കഴിഞ്ഞ ദിവസമാണ് കോടതി വധശിക്ഷ വിധിച്ചത്. ഏറെ കാലത്തിന് ശേഷമാണ് കേരളത്തിൽ ഒരു വധശിക്ഷ വിധിക്കുന്നത്. അപൂർവങ്ങളിൽ അപൂർവങ്ങളായ കേസുകളിൽ മാത്രമാണ് ഇന്ത്യയിൽ വധശിക്ഷ വിധിക്കുന്നത്.
കേരളത്തിൽ ഇതുവരെ 26 പേരെ തൂക്കിലേറ്റിയെന്നാണ് സർക്കാർ കണക്ക്. നിയമസഭയിൽ എംഎൽഎ കടകംപള്ളി സുരേന്ദ്രൻ ഉന്നയിച്ച ചോദ്യത്തിന്റെ മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് കണ്ണൂർ സെൻട്രൽ ജയിലിലെ കണക്കുമാത്രമാണ്. സംസ്ഥാന രൂപീകരണത്തിന് ശേഷം 1958-ൽ ആയിരുന്നു ആദ്യ വധശിക്ഷ കേരളത്തിൽ നടന്നത്. എന്നാൽ നിലവിൽ സംസ്ഥാന സർക്കാരിന്റെ കയ്യിലുള്ളത് 26 പേരുടെ കണക്കുകൾ മാത്രമാണ്. 1991-ൽ റിപ്പർ ചന്ദ്രനെ ആയിരുന്നു ആവസാനമായി കേരളത്തിൽ തൂക്കി കൊന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
1958- 91 കാലഘട്ടത്തിൽ പൂജപ്പുര സെൻട്രൽ ജയിലിലും വധശിക്ഷകൾ നടന്നിട്ടുണ്ട്. ഇവയുടെ വിവരങ്ങൾ ലഭ്യമല്ലെന്നാണ് സർക്കാർ പറയുന്നത്. നിലവിൽ ആറ്റിങ്ങൽ കൊലപാതക കേസിലെ പ്രതി നിനോ മാത്യൂവാണ് മരണം വരെ തൂക്കിലേറ്റാൻ വിധിക്കപ്പെട്ട് പൂജപ്പുരയിൽ ഉള്ളത്. 1960- 65 കാലഘട്ടത്തിൽ ആയിരുന്നു കേരളത്തിൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പിലാക്കിയത്. ആഞ്ച് പേരെ ആയിരുന്നു മരണം വരെ തൂക്കിലേറ്റിയത്.
വധശിക്ഷ വിധിക്കുന്നതിലെ മാനദണ്ഡങ്ങൾ കർശനമാക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ കുറ്റകൃത്യത്തിന്റെ സ്വഭാവവും ക്രൂരതയും അടിസ്ഥാനമാക്കുന്നതിനൊപ്പം പ്രതി സ്വയം നവീകരിക്കാനുള്ള സാധ്യതകൾ കൂടി പരിശോധിക്കണമെന്നായിരുന്നു സുപ്രീംകോടതി നിർദ്ദേശം.
ഒരു പ്രതിയെ മരണംവരെ തൂക്കിലേറ്റാൻ വിധിച്ചാൽ ഒറ്റയ്‌ക്കൊരു സെല്ലിലായിരിക്കും പ്രതിയെ പാർപ്പിക്കുക. ചട്ട പ്രകാരം പ്രതിക്ക് മാനസ്സികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കണം. പ്രതിയെ മാനസ്സികമായി മരണത്തിന് തയ്യാറാക്കേണ്ടതുണ്ട്. പ്രതിയുടെ ശരീര ഭാരം തൂക്ക് കയറിന് അനുയോജ്യമാണോ എന്ന് നോക്കും. സൂര്യനുദിക്കുന്നതിന് മുമ്പായിരിക്കും വധശിക്ഷ. ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുക്കും.
Comments