പ്രയാഗ്‌രാജ്: കൊലക്കേസിലെ പ്രധാന സാക്ഷിയെ തട്ടിക്കൊണ്ടുപോയ കേസിൽ എസ്പി നേതാവായിരുന്ന ആതിഖ് അഹമ്മദിന് ജീവപര്യന്തം തടവ്. പ്രയാഗ്‌രാജിലെ എംപി-എംഎൽഎ കോടതിയാണ് ആതിഖിനും കൂട്ടാളികൾക്കും കേസിൽ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
ബിഎസ്പി എംഎൽഎയായിരുന്ന രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലിനെ 2006-ലായിരുന്നു തട്ടിക്കൊണ്ടുപോയത്. കേസിൽ ആതിഖും മറ്റ് രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെയാണ് ശിക്ഷാവിധി. ആതിഖ് അഹമ്മദിനെതിരെ 100-ലധികം കേസുകളാണ് ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് വിവരം.
അതേസമയം കേസിൽ പ്രതി ചേർക്കപ്പെട്ട ആതിഖിന്റെ സഹോദരൻ ഖാലിദ് അസീം ഉൾപ്പെടെ ആറ് പേരെ വെറുതെ വിടാനാണ് കോടതി ഉത്തരവ്. ആതിഖ് അഹമ്മദിനൊപ്പം ദിനേഷ് പാസി, ഖാൻ സൗലത്ത് ഹനീഫ് എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മൂവരും 5,000 രൂപ വീതം പിഴയും അടയ്‌ക്കണം.
കഴിഞ്ഞ ഫെബ്രുവരി 24-നായിരുന്നു കൊലക്കേസ് സാക്ഷിയായിരുന്ന ഉമേഷ് പാൽ വെടിയേറ്റ് മരിച്ചത്. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയായിരുന്നു. ഉമേഷ് സാക്ഷിയായിരുന്ന ബിഎസ്പി എംഎൽഎയുടെ കൊലപാതകം 2005 ജനുവരി 25-നായിരുന്നു നടന്നത്. തുടർന്ന് പ്രധാന സാക്ഷിയായ ഉമേഷിനെ 2006 ഫെബ്രുവരി 28-ന് തട്ടിക്കൊണ്ടുപോയി.
ആതിഖും സംഘവുമായിരുന്നു ഉമേഷിനെ പിടികൂടിയത്. സാക്ഷി മൊഴി പറയരുതെന്നായിരുന്നു ആവശ്യം. തുടർന്ന് തടവിലാക്കപ്പെട്ട ഉമേഷിനെ സംഘം അതിക്രൂരമായി പീഡിപ്പിച്ചു. തുടർന്ന് 2006 മാർച്ച് ഒന്നിന് ഉമേഷ് പാൽ മൊഴി മാറ്റി. കൊലപാതക സമയത്ത് സംഭവ സ്ഥലത്ത് താനുണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന് എഴുതികൊടുക്കേണ്ടി വന്നു.
2007-ൽ ബിഎസ്പി സർക്കാർ യുപിയിൽ അധികാരത്തിലേറിയതിന് പിന്നാലെ എസ്പി മുൻ എംപിയായിരുന്ന ആതിഖിനെതിരെ ഉമേഷ് പാൽ പരാതി കൊടുത്തു. തുടർന്ന് തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 2009-ൽ കേസിന്റെ വിചാരണ ആരംഭിച്ചു. ഇതിനിടെ വിചാരണ പുരോഗമിക്കവെ 2016-ൽ ഉമേഷിനെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താനുള്ള ശ്രമം നടന്നു. കേസ് പിൻവലിക്കണമെന്ന ഭീഷണിയായിരുന്നു കൊലപാതക ശ്രമം. നിരവധി തവണ സമാന സംഭവങ്ങളുണ്ടായി. ഈ സാഹചര്യത്തിൽ പോലീസ് സുരക്ഷയിലായിരുന്നു ഉമേഷ് പാൽ കഴിഞ്ഞിരുന്നത്.
ഭീഷണി തുടരുന്നതിനാൽ കേസ് ഉടൻ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഉമേഷ് പാൽ ഹൈക്കോടതിയിൽ അപേക്ഷ നൽകി. രണ്ട് മാസത്തിനകം (2023 മാർച്ച് 16-നകം) കേസിൽ വാദം പൂർത്തിയാക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. വിചാരണയ്‌ക്കിടെ പ്രോസിക്യൂഷൻ എട്ട് സാക്ഷികളെയും പ്രതിഭാഗം 50 സാക്ഷികളെയും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിനിടെ കഴിഞ്ഞ ഫെബ്രുവരി 24ന് കേസ് വാദിച്ച് മടങ്ങുന്നതിനിടെ ഉമേഷ് പാലിനെ അജ്ഞാത സംഘം കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയും വെടിവെച്ച് കൊന്നാണ് അക്രമി സംഘം കടന്നുകളഞ്ഞത്.
നിലവിൽ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ വിധി വന്ന പശ്ചാത്തലത്തിൽ പ്രതികരണവമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കേസ് നടത്തുന്നതിനിടെ ഉമേഷിനെ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയ ആതിഖ് അഹമ്മദിന് വധശിക്ഷ വിധിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരിക്കുകയാണ്.
















Comments