റായ്പൂർ: കൽക്കരി കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഛത്തീസ്ഢിലെ കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ പരിശോധന നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഛത്തീസ്ഗഢ് പിസിസി ട്രഷറർ റാം ഗോപാൽ അഗർവാളിന്റെ വസതികളിൽ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തി. കൽക്കരി കള്ളപ്പണവെളുപ്പിക്കൽ കേസിൽ റായ്പൂരും ബിലായിലും ഉൾപ്പെടെ സംസ്ഥാനത്തെ നിരവധി ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്.
ഉദ്യോഗസ്ഥരും രാഷ്‌ട്രീയ പ്രവർത്തകരും ഇടനിലക്കാരും അടക്കമുള്ള ലോബി 25 ശതമാനത്തോളം തുക കമ്മീഷനായി തട്ടിയെടുത്തിരുന്നതായി എൻഫോഴ്‌സ്‌മെന്റെ് കണ്ടെത്തിയിരുന്നു. തുടർന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ സെക്രട്ടറി സൗമ്യ ചരസ്യ ഉൾപ്പെടെ ഒൻപത് പേരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഛത്തീസ്ഗഢിലെ 14 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി ഇവരെ അറസ്റ്റ് ചെയ്തത്.
ഛത്തീസ്ഗഢിൽ നിന്നും കൊണ്ടുപോകുന്ന ഒരോ ടൺ കൽക്കരിക്കും ഉദ്യോഗസ്ഥ- രാഷ്‌ട്രീയ ലോബി, 25 രൂപ വീതം കൈക്കൂലി വാങ്ങിയതായാണ് കേസ്. ഐഎഎസ് ഉദ്യോഗസ്ഥരടക്കം നിരവധി പേരെ കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തിരുന്നു. 2021ൽ നടത്തിയ പരിശോധനയിൽ 500 കോടിയിലധികം രൂപ എൻഫോഴ്‌സ്‌മെന്റെ് പിടിച്ചെടുത്തിരുന്നു. 2022ൽ ഒക്‌ടോബറിൽ ചത്തീസ്ഗഢിലെ 40ൽ അധികം സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ നിന്നും 4 കോടിയിലധികം രൂപയും ഇടപാട് നടത്തിയതുമായി ബന്ധപ്പെട്ട സുപ്രധാനരേഖകളും ഇഡി പിടിച്ചെടുത്തിരുന്നു
















Comments