പത്തനംതിട്ട: ആറാം വയസ്സിൽ തനിക്ക് രണ്ട് വ്യക്തികളിൽ നിന്നും ദുരനുഭവം നേരിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍. അരുതാത്തത് എന്തോ സംഭവിക്കുകയാണെന്ന് മനസ്സിലായതോടെ കുതറിയോടിയെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ചപോക്സോ കേസ് സംബന്ധിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കളക്ടര്‍ താൻ അനുഭവിച്ച മോശം അനുഭവത്തെകുറിച്ച് തുറന്ന് പറഞ്ഞത്.
‘വാത്സല്യപൂർവ്വം രണ്ട് വ്യക്തികൾ അരികെ വിളിച്ച് സ്പർശിക്കുകയും വസ്ത്രങ്ങൾ അഴിക്കാനും ശ്രമിച്ചു. അരുതാത്തത് എന്തോ സംഭവിക്കുകയാണെന്ന് മനസ്സിലായതോടെ ഞാൻ കുതറിയോടി. ഞാൻ ഇപ്പോഴും അവരെ ആൾകൂട്ടത്തിൽ തെരയാറുണ്ട്, ആ മുഖങ്ങൾ ഞാൻ മറക്കില്ല. മാതാപിതാക്കൾ തനിക്ക് തന്ന സപ്പോർട്ടാണ് മാനസികമായുള്ള ബലം നൽകിയത്. ആ ആറു വയസ്സുകാരിക്ക് അന്ന് ഒന്നും തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇന്നിപ്പോൾ ഇക്കാര്യം പറയുമ്പോൾ എനിക്ക് നാണക്കേട് തോനുകയാണ്. അത് അന്നേ തിരിച്ചറിയേണ്ടതായിരുന്നു. അതിന് കഴിയാതെ പോയതിനാലാണ് എനിക്ക് നാണക്കേട് തോനുന്നത്.
നിഷ്‌കളങ്ക ബാല്യങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന ഇത്തരത്തിലുളള ആഘാതങ്ങള്‍ അവരുടെ ജീവിതകാലം മുഴുവന്‍ വേട്ടയാടും. ഗുഡ് ടച്ച്, ബാഡ് ടച്ച് എന്താണെന്ന് നമ്മുടെ കുട്ടികളെ ബോധവാന്മാരാക്കണം. പുരുഷന്റെ ലൈംഗികത ശരിയും സ്ത്രീകളുടെ ലൈംഗികത തെറ്റുമാണ് എന്ന പൊതുബോധമാണ് സമൂഹത്തിനുള്ളത്. അത്തരം ചിന്തകള്‍ മാറണം.
പെണ്‍കുട്ടികള്‍ക്ക് അവരുടെ ശരീരത്തെയും ലൈംഗികതയെപ്പറ്റിയും സംസാരിക്കാനുള്ള പൊതുസ്ഥലം ഇന്നും ഇല്ല. പ്രതിസന്ധികള്‍ തരണംചെയ്യാന്‍ കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളുടെ പിന്തുണയാണ് ആവശ്യം.’- ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.
















Comments