ന്യൂഡൽഹി: കുനോ ദേശീയോദ്യാനത്തിലെ ചീറ്റപ്പുലി നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രോജക്ട് ചീറ്റയുടെ ഭാഗമായി മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ എത്തിച്ച നമീബിയൻ ചീറ്റപ്പുലികളിൽ ഒന്നാണ് കുഞ്ഞുങ്ങൾക്ക് ജന്മ നൽകിയത്.
2022 സെപ്റ്റംബർ 17 ന് നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച മൂന്ന് വയസ്സുള്ള പെൺ ചീറ്റ ‘സിയായ’യാണ് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ട്വീറ്ററിൽ “അത്ഭുതകരമായ വാർത്ത” എന്ന് വിശേഷിപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചത്.
കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് ചീറ്റ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചു. സിയ എന്ന ചീറ്റ നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതായി ദേശീയ പാർക്ക് അധികൃതർ അറിയിച്ചു. ചീറ്റപ്പുലികളിൽ ഒന്നായ സാഷ പോയ ദുഃഖത്തിനിടയിലാണ് ഈ ആശ്വാസ വാർത്ത. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഇന്ത്യയിലെ കാലവസ്ഥയുമായി നന്നായി പൊരുത്തപ്പെടുന്നു എന്നതിന്റെ തെളിവാണ് പെൺചീറ്റ പ്രസവിച്ചതെന്ന് ചീറ്റ കൺസർവേഷൻ പ്രൊജക്ട് അധികൃതർ പറഞ്ഞു. ഇന്ത്യയിലെ വന്യജീവികളുടെ കൂട്ടത്തിലേക്ക് ചീറ്റപ്പുലികളെ പുനരവതരിപ്പിക്കുന്നതിന് അനുയോജ്യമായ ആവാസകേന്ദ്രമായാണ് പാർക്ക് ഒരുങ്ങുന്നത്.
വംശനാശം സംഭവിക്കുന്ന ചീറ്റയുടെ വംശത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് ആക്ഷൻ പ്ലാൻ ഫോർ റീഇൻട്രൊഡക്ഷൻ ഓഫ് ചീറ്റ ഇൻ ഇന്ത്യ. ഈ പദ്ധതി നടപ്പിലാക്കിയത് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്. ആഫ്രിക്കൻ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 14-ഓളം ചീറ്റകളെ ഇന്ത്യയിലെത്തിക്കാനാണ് പദ്ധതിയിടുന്നത്. വംശനാശം സംഭവിച്ച ചീറ്റകളുടെ വംശത്തെ അഞ്ച് വർഷത്തിനുള്ളിൽ തിരികെയെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Comments