വളരെ ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയിൽ തന്റെതായ ഇടം കണ്ടെത്തിയ നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. വിരളിലെണ്ണാവുന്ന സിനിമ മാത്രമാണ് സംവിധാനം ചെയ്തിട്ടുള്ളതെങ്കിലും അവയെല്ലാം മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്നതാണ്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായ ‘മിന്നൽ മുരളി’ സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധകനേടാൻ ബേസിലിന് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ, താരം പുതിയൊരു നേട്ടം സ്വന്തമായിരിക്കുകയാണ്.
ഹിന്ദുസ്ഥാൻ ടൈംസ് ഒടിടി പ്ലേയുടെ ‘ചേഞ്ച് മേക്കേഴ്‌സ്’ അവാർഡുകളിൽ ‘ഇൻസ്‌പയറിംഗ് ഫിലിം മേക്കർ ഓഫ് ദ ഇയർ’ അവാർഡ് ആണ് ബേസിൽ അർഹനായിരിക്കുന്നത്. മിന്നൽ മുരളി സിനിമയ്‌ക്ക് ലഭിച്ച പുതിയ അവാർഡിന് നന്ദി അറിയിച്ചു കൊണ്ടുള്ള പോസ്റ്റിനൊപ്പം റിഷഭ് ഷെട്ടിക്കും ജോജു ജോർജിനും മറ്റ് താരങ്ങൾക്കും ഒപ്പമുള്ള ഫോട്ടോ ബേസിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ബേസിലിന് ആശംസകളുമായി രംഗത്തെത്തുന്നത്.

നേരത്തെ ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്സൺ അവാർഡ് ബേസിൽ അർഹനായിരുന്നു. അമിതാഭ് ബച്ചൻ, കപിൽ ദേവ്, സച്ചിൻ, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തർ കരസ്ഥമാക്കിയ അവാർഡ് ആണ് ബേസിൽ ജോസഫും സ്വന്തമാക്കിയത്. ഇതിനുപുറമെ ‘മിന്നൽ മുരളി’ എന്ന ചിത്രത്തിന് ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡും ബേസിലിന് ലഭിച്ചിരുന്നു. ഏഷ്യ – പസഫിക് മേഖലയിലെ 16 രാജ്യങ്ങളിൽ നിന്നുള്ള സിനിമകളിൽ നിന്നാണ് ചിത്രം നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
















Comments