ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഉജ്ജയിനിലെ ശ്രീ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി രാജ്യത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇന്നലെ ശനിയാഴ്ച വൈകുന്നേരം ഉജ്ജയിനിലെത്തിയ അദ്ദേഹം ഞായറാഴ്ച പുലർച്ചയെയാണ് ശിവന്റെ അനുഗ്രഹം ഏറ്റുവാങ്ങാൻ മഹാകാലേശ്വർ ക്ഷേത്രത്തിലെത്തിയത്.
ശ്രീകോവിലിൽ എത്തിയ അജിത് ഡോവൽ പ്രാർത്ഥനയിലും പൂജയിലും ഭസ്മ ആരതിയിലും അദ്ദേഹം പങ്കെടുത്തു. ക്ഷേത്ര ദർശനത്തിനോടനുബന്ധിച്ച് അജിത് ഡോവലിന്റെ സുരക്ഷയ്‌ക്കായി പോലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ സന്ദീപ് സോണി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
ദ്വാദശജ്യോതിർലിംഗങ്ങളിൽപ്പെടുന്ന പ്രശസ്ത ശിവക്ഷേത്രമാണ് മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ രുദ്രസാഗർ തടാകകരയിൽ സ്ഥിതി ചെയ്യുന്ന ശ്രീ മഹാകാലേശ്വർ ക്ഷേത്രം. ഇവിടുത്തെ ശിവലിംഗം സ്വയംഭൂവാണെന്നാണ് വിശ്വസിക്കുന്നത്.. ജ്യോതിർലിംഗങ്ങളിലെ ഏക സ്വയംഭൂലിംഗ ഇതാണ്. മഹാകാലേശ്വരൻ എന്ന പേരിലാണ് ശിവൻ ഇവിടെ അറിയപ്പെടുന്നത്.
പുരാതന കാലത്ത് അവന്തി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉജ്ജയിനിയിൽ ചന്ദ്രസേന മഹാരാജാവിന്റെ രക്ഷയ്‌ക്കായി മഹാകാലേശ്വരൻ അവതരിച്ചതായാണ് വിശ്വസിക്കുന്നത്. ദക്ഷിണദിക്കിലേക്കാണ് മഹാകാലേശ്വര ദർശനം. മഹാകലേശ്വരക്ഷേത്ര ശ്രീകോവിലിലെ ഗർഭഗൃഹത്തിനുള്ളിൽ ഒരു ശ്രീയന്ത്രം തലകീഴായി കെട്ടിതൂക്കിയിട്ടുണ്ട്.
മഹാകാലേശ്വർ ക്ഷേത്രത്തിന് 5 നിലകളാണുള്ളത്. മൂന്നാം നിലയിലെ നാഗചന്ദ്രേശ്വരനെ നാഗപഞ്ചമി ദിനം മാത്രമേ ദർശിക്കാൻ കഴിയൂ. കൂടാതെ പ്രസിദ്ധമായ മഹാകാളി ക്ഷേത്രവും ഉജ്ജയിനിയിൽ കാണാവുന്നതാണ്. മഹാകാലന്റെ ശക്തിയാണ് മഹാകാളി എന്ന് ഭക്തർ വിശ്വസിച്ചുപ്പോരുന്നു.
















Comments