ദിസ്പൂർ: ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിന് വേണ്ടി തിരച്ചിൽ തുടരുന്നതിനിടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് ഭീഷണിയുമായി ഖാലിസ്ഥാൻ അനുകൂല സംഘടന. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ തലവനായ ഗുർപത്‌വാൻ സിംഗ് പന്നുവാണ് ഭീഷണിയുയർത്തിയത്.
”ഖാലിസ്ഥാനെ അനുകൂലിക്കുന്നവരെ അസമിൽ ജയിലിലടച്ച് ദ്രോഹിക്കുകയാണ്. അതുകൊണ്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ശ്രദ്ധിച്ച് കേട്ടോളൂ.. ഇന്ത്യൻ ഭരണകൂടവും ഖാലിസ്ഥാൻ അനുകൂലികളായ സിഖുകാരും തമ്മിലുള്ള പോരാട്ടമാണിത്. ഈ അക്രമത്തിനിടയിൽ നിലംപതിക്കാതെ മുഖ്യമന്ത്രി ശ്രദ്ധിച്ചോളൂ. പഞ്ചാബിന്റെ സ്വാതന്ത്ര്യമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഇന്ത്യ കയ്യടക്കി വച്ചിരിക്കുന്നതിൽ നിന്നും പഞ്ചാബിനെ മോചിപ്പിക്കണം. ഹിതപരിശോധനയെന്ന സമാധാനപരമായ ജനാധിപത്യ പ്രക്രിയയിലൂടെയും അത് ചെയ്യാം. എന്നാൽ ഞങ്ങളെ അനുകൂലിക്കുന്നവരെ ദിബ്രുഗഡ് ജയിലിൽ വച്ച് പീഡിപ്പിക്കാനാണ് ശ്രമമെങ്കിൽ അതിന് നിങ്ങൾ അനുഭവിക്കേണ്ടതായി വരും.” ഇതായിരുന്നു പന്നുവിന്റെ വാക്കുകൾ.
അതേസമയം അമൃത്പാലിന് വേണ്ടിയുള്ള പഞ്ചാബ് പോലീസിന്റെ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. മാർച്ച് 18 മുതൽ ആരംഭിച്ച അന്വേഷണം ഇതുവരെയും എങ്ങുമെത്തിയിട്ടില്ല. താൻ കീഴടങ്ങില്ലെന്ന് വ്യക്തമാക്കി അമൃത്പാൽ സിംഗും യൂട്യൂബ് വീഡിയോ പങ്കുവച്ചിട്ടുണ്ട്. അമൃത്പാൽ നിലവിൽ അമൃത്സറിൽ തന്നെയുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.
















Comments