മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തൻ്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ബേസിൽ ജോസഫ്. അഭിനേതാവായും മികച്ച യുവ സംവിധായകനായും തിളങ്ങുന്ന ബേസിൽ ഇതിനകം മലയാളികളുടെ മനം കവർന്നെടുത്തു. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’ സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടാൻ ബേസിലിനായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ സ്ഥിരസാന്നിധ്യമായ നടൻ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ബേസിൽ പങ്കുവച്ചൊരു പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
എ ആർ റഹ്മാനും സംവിധായകൻ മണിരത്നത്തിനും ഒപ്പമുള്ള ചിത്രമാണ് ബേസിൽ പങ്കുവെച്ചിരിക്കുന്നത്. ‘ഈ ഇതിഹാസങ്ങൾ ഒന്നിലധികം വഴികളിൽ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. അവർക്കൊപ്പം ആയിരുന്നു ഇന്ന് എന്റെ ഫാൻബോയ് നിമിഷം’, എന്നാണ് ബേസിൽ ചിത്രത്തിനൊപ്പം കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ അഭിനന്ദനങ്ങളുമായി എത്തിയത്.
ഹിന്ദുസ്ഥാൻ ടൈംസ് ഒടിടി പ്ലെ ‘ചേഞ്ച് മേക്കേഴ്‌സ്’ പുരസ്കാരവേദിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ബേസിൽ. ‘ഇൻസ്‌പയറിംഗ് ഫിലിം മേക്കർ ഓഫ് ദ ഇയർ’ അവാർഡും ബേസിലിന് ലഭിച്ചു. നേരത്തെ ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്സൺ അവാർഡും ബേസിൽ സ്വന്തമാക്കിയിരുന്നു. അമിതാഭ് ബച്ചൻ, കപിൽ ദേവ്, സച്ചിൻ, പി ടി ഉഷ തുടങ്ങിയവർ കരസ്ഥമാക്കിയ അവാർഡാണ് ബേസിൽ ജോസഫ് സ്വന്തമാക്കിയത്. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രമാണ് ബേസിലിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.
Comments