കോഴിക്കോട്: എലത്തൂരിലെ ട്രെയിൻ ആക്രമണത്തിൽ പരിക്കേറ്റവരിൽ അഞ്ചുപേർ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രിയിലുമായി ആകെ ഏഴ് പേരാണ് ചികിത്സയിലുള്ളത്. മരിച്ച മൂന്ന് പേരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
എലത്തൂരിലെ ട്രെയിൻ ആക്രമണത്തിൽ 9 പേർക്കായിരുന്നു ആദ്യം പരിക്കേറ്റിരുന്നത്. ഇവരിൽ അഞ്ചുപേരെ മെഡിക്കൽ കോളേജിലും 3 പേരെ സ്വകാര്യ ആശുപത്രിയിലും ഒരാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസ്സാര പരിക്കുകൾ ആയതിനാൽ കൊയിലാണ്ടി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന റാസിഖിനെ രാവിലെ തന്നെ ഡിസ്ചാർജ് ചെയ്തു. പിന്നീട് മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രിയിലുമായി അഞ്ച് പേരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
കണ്ണൂർ സ്വദേശി അനിൽകുമാർ, മകൻ അദ്വൈത്, തൃശൂർ സ്വദേശി അശ്വതി എന്നിവർ മെഡിക്കൽ കോളേജിലെ ഐസിയുവിലും ജോതീന്ദ്രനാഥ്, പ്രിൻസ് എന്നിവർ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും ദീപക് പ്രകാശ് വാർഡിലുമായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ആരോഗ്യ നില മെച്ചപ്പെട്ടതോടെ ദീപക് പ്രകാശിനെ ഡിസ്ചാർജ് ചെയ്തു. തൃശൂർ സ്വദേശി അശ്വതിയെ മെഡിക്കൽ കോളേജിൽ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതോടെ നിലവിൽ മൂന്ന് പേരാണ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അനിൽകുമാർ, അദ്വൈത്, വാർഡിൽ ചികിത്സയിലുള്ള തളിപ്പറമ്പ് സ്വദേശി റൂബി, അനിൽകുമാറിന്റെ ഭാര്യ സജിഷ എന്നിവരടക്കം 4 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലുണ്ട്. അതേസമയം ആക്രമണത്തിൽ മരണപെട്ട മട്ടന്നൂർ പാപ്പിനശ്ശേരി സ്വദേശി റഹ്മത്ത് ഇവരുടെ സഹോദരിയുടെ മകള്‍ സഹറ, മട്ടന്നൂർ സ്വദേശി നൗഫിക് എന്നിവരുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കൊയിലാണ്ടിയിലെ ചാലിയത്തെ നോമ്പ് തുറക്ക് ശേഷം മട്ടന്നൂരിലെ ഉമ്മയുടെ വീട്ടിലേക്ക് മടങ്ങവേയാണ് റഹ്മത്തും സഹറയും അപകടത്തിൽപെട്ടതെന്ന് ബന്ധുക്കൾ പറയുന്നു.
മരിച്ച മൂന്നുപേരുടെയും ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകൾ ഇല്ലെന്നും ട്രെയിനിൽ നിന്നും ചാടിയതിന്റെ ആഘാതമാണ് മരണകാരണമെന്നുമാണ് പോലീസ് വ്യക്തമാക്കിയത്.
Comments