തിരുവനന്തപുരം: അത്യപൂർവ്വ നേട്ടം സ്വന്തമാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ്. വായ്‌ക്കുള്ളിലെ തൊലി കൊണ്ട് കൃത്രിമമായി മൂത്രനാളി സൃഷ്ടിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ഇത്തരത്തിലൊരു ശസ്ത്രക്രിയ നടത്തുന്നത്. 32-കാരിയായ കാട്ടാക്കട സ്വദേശിനിയ്‌ക്കാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്.
മൂത്രനാളിയിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് 2013-ൽ യുവതിയ്‌ക്ക് ഒരു ശസ്ത്രക്രിയ നടന്നിട്ടുണ്ട്. എന്നാൽ അസുഖത്തിന് ശമനമുണ്ടായിരുന്നില്ല. തുടർന്ന് 2019-ൽ മൂത്രനാളിയിൽ സ്‌റ്റെന്റ് സ്ഥാപിച്ചിരുന്നെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. വലത്തെ വൃക്കയുടെ പ്രവർത്തവനും കുറഞ്ഞുവന്നു. തുടർന്നാണ് ആശുപത്രിയിൽ നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് മൂത്രനാളി കൃത്രിമമായി സൃഷ്ടിക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.
താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ രോഗിയുടെ മൂത്രനാളിയിലെ അടഞ്ഞ ഭാഗം മുറിച്ച് നീക്കിയ ശേഷം ബക്കൽ മുകോസോ എന്നറിയപ്പെടുന്ന വായ്‌ക്കുള്ളിലെ തൊലി ഉപയോഗിച്ച് നിർമ്മിച്ച പുതിയ മൂത്രനാളി വിജയകരമായി വെച്ചുപിടിപ്പിക്കുകയായിരുന്നു. നാല് മണിക്കൂറോളം സമയം മാത്രമാണ് ഈ ശസ്ത്രക്രിയയ്‌ക്കായി ചെലവഴിച്ചത്. യുവതിയുടെ ആരോഗ്യസ്ഥിചി മെച്ചപ്പെട്ടുവരുന്നതായാണ് വിവരം. വൃക്കയുടെ പ്രവർത്തനവും സാധാരണനിലയിലാണ്. യൂറോളജി വിഭാഗം യൂണിറ്റ് മേധാവി ഡോ. പിആർ സാജുവിന്റെ നേതൃത്വത്തിലാണ് താക്കോൽദ്വാര ശസ്ത്രക്രിയ നടന്നത്.
















Comments