തൃശൂർ: അവണൂരിൽ കൊലപാതക കേസിൽ പ്രതി മയൂർനാഥുമായി തെളിവെടുപ്പ് നടത്തി പോലീസ് സംഘം. ശശീന്ദ്രന്റെ വീട്ടിലെ വിവിധഭാഗങ്ങളിൽ പോലീസ് സംഘം പ്രതിയെ എത്തിച്ച് തെളിവ് ശേഖരിച്ചു. വീട്ടിലുള്ള മയൂർ നാഥിന്റെ ലാബിലും പരിശോധന നടത്തി. അവണൂർ അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനെയാണ് കടലക്കറിയിൽ വിഷം ചേർത്ത് മകൻ കൊലപ്പെടുത്തിയത്.
അച്ഛനോടുള്ള വൈരാഗ്യം കാരണമാണ് കൊലപാതകം നടത്തിയത്. അച്ഛനെ മാത്രമാണ് കൊല്ലാൻ ശ്രമിച്ചതെന്നും മറ്റാരെയും അപായപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും
ആയുർവേദ ഡോക്ടറായ മയൂർനാഥ് മൊഴി നൽകിയിട്ടുണ്ട്.
ശശീന്ദ്രന്റെ ആദ്യ വിവാഹത്തിലെ മകനാണ് മയൂര നാഥൻ. മയൂരിന്റെ അമ്മ 15 വർഷം മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതേത്തുടർന്ന് അച്ഛനോടും രണ്ടാനമ്മയോടും ഇയാൾക്ക് പകയുണ്ടായെന്നാണ് പോലീസ് കണ്ടെത്തൽ. പഠനത്തിൽ മികവ് പുലർത്തിയിരുന്ന മയൂർനാഥിന് എം.ബി.ബി.എസിന് സീറ്റ് കിട്ടിയിരുന്നെങ്കിലും ഇത് വേണ്ടെന്നുവെച്ച് ബി.എ.എം.എസ് തിരഞ്ഞെടുത്തത്. പഠനം പൂർത്തിയായതിന് ശേഷം ആയുർവേദ ഡോക്ടറായി. തുടർന്ന് വീടിന്റെ മുകൾനിലയിൽ സ്വന്തമായി ലാബും തുടങ്ങി.
മരുന്നുകളടക്കം ഇവിടെ നിർമിച്ചിരുന്നതായാണ് വിവരം. അച്ഛനെ വകവരുത്താൻ ഉപയോഗിച്ച വിഷവും സ്വന്തമായി ലാബിൽ നിർമിച്ചതാണെന്നാണ് പ്രതിയുടെ മൊഴി. ഇതിനുവേണ്ട രാസവസ്തുക്കൾ ഓൺലൈനിൽ ഓർഡർ ചെയ്തുവരുത്തുകയായിരുന്നു. സ്വന്തമായി നിർമിച്ച വിഷം പിന്നീട് കടലക്കറിയിൽ കലർത്തിയാണ് അച്ഛനെ കൊലപ്പെടുത്തിയത്.
ഞായറാഴ്ചയാണ് രക്തം ഛർദിച്ച് അവശനിലയിലായ ശശീന്ദ്രൻ മരണപ്പെട്ടത്. വീട്ടിൽനിന്ന് ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ച് പുറത്തേക്ക് പോയതിന് പിന്നാലെയാണ് ഇത് സംഭവിക്കുന്നത്. ഇതിനുപിന്നാലെ ശശീന്ദ്രന്റെ ഭാര്യ ഗീത, അമ്മ കമലാക്ഷി, ഇവരുടെ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ച തെങ്ങുകയറ്റത്തൊഴിലാളികളായ ചന്ദ്രൻ, ശ്രീരാമചന്ദ്രൻ എന്നിവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ സംഭവം ഭക്ഷ്യ വിഷബാധയാണെന്ന സംശയത്തിലായിരുന്നു. എന്നാൽ ഈ സംശയം ആരോഗ്യപ്രവർത്തകർ തള്ളി.
തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയായ മകനെ പിടികൂടാൻ കഴിഞ്ഞത്. ആരോഗ്യ പ്രശ്‌നങ്ങൾ കാരണമാണ് വീട്ടിലെ ഭക്ഷണം കഴിക്കാതിരുന്നതെന്നാണ് പോലീസിനോട് മയൂർനാഥൻ പറഞ്ഞത്. ഇതിനിടെ, ശശീന്ദ്രന്റെ മരണത്തിന് പിന്നാലെ പോസ്റ്റുമോർട്ടം വേണ്ടെന്ന് പറഞ്ഞ് മൃതദേഹം ഏറ്റുവാങ്ങിയതും സംശയത്തിന് കാരണമായി.
Comments