ന്യൂഡൽഹി: ഭൂട്ടാൻ രാജാവ് ജിഗ്മെ വാങ്ചുകുമായി രാഷ്ട്രപതി ദ്രൗപതി മുർമു കൂടിക്കാഴ്ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ളബന്ധം എല്ലാതലങ്ങളിലുമുള്ള പരസ്പര വിശ്വാസം, ധാരണ എന്നിവയിൽ അടിയുറച്ചതാണ്. ഇരുവരും തമ്മിലുള്ള ബഹുമുഖവും വിശിഷ്ടവുമായ പങ്കാളിത്തങ്ങളെ ഇന്ത്യ വിലമതിയ്‌ക്കുന്നെന്നും രാഷ്‌ട്രപതി പറഞ്ഞു.
ഇന്ത്യയുടെ ഏറ്റുവും അടുത്ത വികസന പങ്കാളിയാണ് ഭൂട്ടാൻ. ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ,ഡിജിറ്റലൈസേഷൻ, നൈപുണ്യ വികസനം എന്നിവയിലെ ഭൂട്ടാന്റെ പദ്ധതികളെ ഇന്ത്യ പിന്തുണയ്‌ക്കുന്നുണ്ട്. വികസനത്തിൽ വലിയ കുതിച്ച് ചാട്ടമാണ് ഭൂട്ടാൻ കാഴ്‌ച്ച വെക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ സമ്പദ് വ്യവസ്ഥ വർദ്ധിക്കാനും ഇത് കാരണമാകും. ഫിൻ- ടെക്, സ്റ്റാർട്ടപ്പുകൾ, സാങ്കേതിക വിദ്യ എന്നിവയിൽ സഹകരിക്കാൻ ഇരുരാജ്യങ്ങളും ഉറപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയുടെയും ഭൂട്ടാന്റെയും സഹകരണ പരിധി വർദ്ധിക്കുന്നതോടെ യുവാക്കളുടെ തൊഴിൽസാധ്യതകൾ വർദ്ധിക്കുമെന്നും രാഷ്‌ട്രപതി എടുത്ത് പറഞ്ഞു.
ത്രിദ്വിന സന്ദർശനത്തിനായി കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ ഭൂട്ടാൻ രാജാവ് ജിഗ്മെ വാങ്ചുകുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടന്നത്. സാമ്പത്തിക സഹകരണം ഉൾപ്പെടെ വിവിധ മേഖലകളിൽ ഉഭയകക്ഷി ഇടപെടൽ വളർത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
Comments