മണ്ണാർക്കാട്: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് മധു വധക്കേസ്. അന്നും ഇന്നും മധുവിന്റെ ശത്രു മനുഷ്യനായിരുന്നു. നല്ലൊരു മരപ്പണിക്കാരനായിരുന്ന മധുവിന്റെ താളംതെറ്റിച്ച ജീവിതം ഇന്നും ആർക്കും അറിയില്ല. അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനായ മധു അച്ഛൻ മരിച്ചതോടെ ഏഴാം ക്ലാസിൽ വച്ച് പഠിപ്പ് ഉപേക്ഷിച്ചു. തുടർന്ന് സംയോജിത ഗോത്ര വികസന പദ്ധതിയുടെ ഭാഗമായി പാലക്കാട് നിന്ന് മരപ്പണിയിൽ പരിശീലനം നേടി. പിന്നീട് തുടർന്ന് ജോലിക്കായി ആലപ്പുഴയിലേക്ക് പോയി.

എന്നാൽ അവിടെ വെച്ചാണ് മധു ഒരു സംഘർഷത്തിൽ പെടുന്നതും തലയ്‌ക്ക് പരിക്കേൽക്കുകയും ചെയ്യുന്നത്. പിന്നീട് മനോനില തെറ്റിയ മധുവിന് പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞില്ല. നാട്ടിലെത്തിയ മധു ഉൾക്കാടുകളിൽ അലഞ്ഞുനടക്കാൻ തുടങ്ങി.

കാട്ടിലേക്ക് കയറുന്നതും ഗുഹകളിൽ താമസിക്കുന്നതും പതിവായിരുന്നു. സരസു, ചന്ദ്രിക എന്നിവരാണ് മധുവിന്റെ സഹോദരങ്ങൾ. സരസു നേരത്തെ അങ്കണവാടി ജീവനക്കാരിയായിരുന്നു. ചന്ദ്രിക പൊലീസ് ഉദ്യോഗസ്ഥയാണ്. അങ്ങനെ 2018 ഫെബ്രുവരി 22നാണ് കടയിൽ നിന്ന് അരി മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്നുള്ള ആൾക്കൂട്ട ആക്രമണത്തിനിരയായി മധു കൊല്ലപ്പെട്ടത്.

അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഒന്നാം പ്രതി ഹുസൈന് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയാണ് വിധിച്ചു. 2,3,5,6,7,8,9,10,12,13,14,15 പ്രതികൾക്ക് വിവിധ വകുപ്പുകളിലായി ഏഴ് വർഷം തടവും 1.05 ലക്ഷം പിഴയും . പതിനാറാം പ്രതിയ്‌ക്ക് മൂന്ന് മാസം തടവും 500 രൂപ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ നേരത്തെ അനുഭവിച്ചതിനാൽ 500 പിഴയടച്ചാൽ കേസിൽ നിന്ന് മുക്തനാകാം. മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതിയുടേതാണ് വിധി.

മനഃപൂർവ്വമല്ലാത്ത നരഹത്യ, അന്യായമായി സംഘം ചേരൽ, മർദ്ദനം തുടങ്ങിയവയ്‌ക്ക് പുറമേ പട്ടികജാതി-വർഗക്കാർക്കെതിരെ അതിക്രമം തടയൽ നിയമത്തിലെ വകുപ്പ് അനുസരിച്ചും പ്രതികൾ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. കൊലക്കുറ്റം തെളിയ്‌ക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. കൊലപാതക കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടും രണ്ട് പേരെ വിട്ടയച്ചതിനെയും അപ്പീൽ നൽകണമെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പറഞ്ഞു.
ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു വിചാരണ പൂർത്തിയാക്കിയത്. 127 സാക്ഷികളിൽ 24 പേർ കൂറുമാറിയിരുന്നു. കൊലപാതകം നടന്ന് ഒന്നര വർഷത്തിന് ശേഷം മധുവിന്റെ അമ്മയുടെ പരാതിയെ തുടർന്നാണ് പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിച്ചത്. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആദ്യ പ്രോസിക്യൂട്ടർ സ്ഥാനം ഒഴിയുകയായിരുന്നു. നാലാമത്തെ പ്രോസിക്യൂട്ടറായ രാജേഷ് എം. മേനോന്റെ നേതൃത്വത്തിലാണ് വിചാരണ പൂർത്തിയായത്.
















Comments