ന്യൂഡൽഹി: ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ ജനസേന പർട്ടി (ജെഎസ്പി) തലവൻ പവൻ കല്യാണുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിൽ വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച നടത്തി.
ആന്ധ്രാപ്രദേശിൽ വൈഎസ്ആർസിപിയെ അധികാരത്തിൽ നിന്ന് എങ്ങനെ പുറത്താക്കാൻ കഴിയുമെന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി പവൻ കല്യാൺ പറഞ്ഞു. നദ്ദയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചു. കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രി വി മുരളീധരനും ജെഎസ്പി ചെയർമാൻ നദെന്ദ്‌ല മനോഹറും പങ്കെടുത്തു.
വൈഎസ്ആർപിസി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നത് തടയാൻ ജെഎസ്പിയും ബിജെപിയും എല്ലാ ശ്രമങ്ങളും നടത്തുമെന്ന് യോഗത്തിന് ശേഷം പവൻ കല്യാൺ പറഞ്ഞു. വൈഎസ്ആർപിസിയുടെ അഴിമതിയും അതിക്രമങ്ങളും അവസാനിപ്പിക്കാൻ ശ്രമിക്കുമെന്ന് ചർച്ചയ്‌ക്ക് ശേഷം നദ്ദയും വ്യക്തമാക്കി. വോട്ടുകൾ നഷ്ടപ്പെടാതിരിക്കാൻ തങ്ങൾ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി- ജനസേന സഖ്യം ശക്തമാണെന്ന് ബിജെപി ആന്ധ്രാപ്രദേശ് സംസ്ഥാന പ്രസിഡന്റ് സോമു വീരരാജു പറഞ്ഞു. വൈഎസ്ആർ കോൺഗ്രസ്സിനെതിരെ ഇരുപാർട്ടികളും ഒരുമിച്ച് നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments