കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി റിമാഡിൽ. മജിസ്ട്രേറ്റ് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ നേരിട്ട് എത്തിയാണ് റിമാഡ് ചെയ്തത്. സെയ്ഫിയുടെ വൈദ്യപരിശോധന ഫലം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. നിലവിൽ പ്രതിയെ ജില്ല ജയിലിലേക്ക് മാറ്റി. സെയ്ഫിക്ക് കാര്യമായ പൊള്ളൽ ഏറ്റിട്ടില്ലെന്നാണ് വൈദ്യ പരിശോധനാഫലം. രണ്ട് കൈകളിൽ നേരിയ പൊള്ളൽ മാത്രമാണ് ഉള്ളത്. ഈ പൊള്ളൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്നും ഡോക്ടർമാർ വ്യക്തമായി. കരളിന്റെ പ്രവർത്തനത്തിലും തകരാറുണ്ടെന്നും കണ്ടെത്തി.
അതേസമയം ട്രെയിനിന് തീ കൊളുത്തിയ ശേഷം ചാടി രക്ഷപ്പെടുന്നതിനിടെ ഉണ്ടായ വീഴ്‌ച്ചയിൽ ശരീരം നിറയെ ഉരഞ്ഞ പാടുകളുണ്ട്. മുഖത്തിന്റെ ഇടത് ഭാഗത്ത് ഉരുഞ്ഞുണ്ടായ പരിക്ക് കാരണം കണ്ണിൽ വീക്കമുണ്ട്. എങ്കിലും കാഴ്ചയ്‌ക്ക് തകരാറില്ല. ഇടതുകയ്യിലെ ചെറുവിരലിന് ചെറിയ മുറിവുണ്ട്. ശരീരത്തിലെ മുറിവുകൾക്ക് പരമാവധി നാലു ദിവസത്തെ പഴക്കം മാത്രമാണുള്ളതെന്നും വൈദ്യ പരിശോധനാഫലത്തിൽ വ്യക്തമായിട്ടുണ്ട്.
മുറിവുകൾ എല്ലാം ട്രെയിനിൽ നിന്ന് ചാടിയപ്പോൾ ഉണ്ടായതാവാം എന്നാണ് ഫോറൻസിക് പരിശോധന നടത്തിയ വിദഗ്ധരുടെ നിഗമനം. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ കഴിയുകയാണ് ഷാറൂഖ്. പോലീസ് സെല്ലിലെ പ്രത്യേകം മുറിയിലാണ് ഷാറുഖ് സെയ്ഫിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സെല്ലിന് പുറത്തുമാത്രം 20 പോലീസുകാരുണ്ട് കാവലിന്. മെഡിക്കൽ കോളജ് ആശുപത്രി പൂർണമായും പോലീസിന്റ നിരീക്ഷണത്തിലാണ്.
















Comments