ന്യൂഡൽഹി: ഖാലിസ്ഥാനി അനുകൂലി ഭിന്ദ്രൻവാലയെ പോലെയാകാൻ വാരിസ് പഞ്ചാബ് ദേ തലവനായ അമൃത്പാൽ സിംഗ് പ്ലാസ്റ്റിക് സർജറി നടത്തിയതായി റിപ്പോർട്ടുകൾ. ഇതിനു വേണ്ടി അമൃത് പാൽ രണ്ട് മാസം വിദേശത്ത് താമസിച്ചതായും വിവരങ്ങളുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുൻപ് ജോർജിയയിൽ പോയി ശസ്ത്രക്രിയ നടത്തിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
അസമിലെ ദിബ്രുഗഡ് സെൻട്രൽ ജയിലിൽ കഴിയുന്ന അമൃത് പാലിന്റെ അനുയായികളാണ് ചോദ്യം ചെയ്യലിനിടെ ഇക്കാര്യം വെളിപ്പെടുത്തിയത്. . ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്. വാരിസ് പഞ്ചാബ് ദേ സംഘടനയ്‌ക്ക് പാകിസ്താനിൽ നിന്ന് ഫണ്ട് ലഭിച്ചെന്നും വ്യക്തിഗത കടങ്ങൾ തീർക്കാൻ അത് ഉപയോഗിച്ചതായും അനുയായികൾ പറഞ്ഞു.
ഭിന്ദ്രൻവാലയെ അനുകരിച്ചാണ് അമൃത്പാലും ഖാലിസ്ഥാൻ അനുകൂലിയായി തുടക്കമിടുന്നത്. രൂപത്തിൽ പോലും ഭിന്ദ്രന്‍വാലയെ അനുകരിക്കുന്ന വിധത്തിലാണ് അമൃത്പാലിന്റെ വേഷം. രണ്ടു വർഷം മുൻപു വരെ ക്ലീൻ ഷേവ് ചെയ്തിരുന്ന അമൃത്പാൽ പിന്നീട് താടിരോമങ്ങൾ പരമ്പരാഗത സിഖ് രീതിയിലേക്ക് മാറ്റി. ഭിന്ദ്രൻവാലയുടേത് പോലെ തലയിലെ വട്ടക്കെട്ടും നീളമുള്ള ഗൗണുമാണ് അമൃത്പാലിന്റെ വേഷം.
അമൃത്പാൽ ഒളിവിൽ പോയത് മാർച്ച് 18-നായിരുന്നു. നിലവിൽ നേപ്പാളിലേക്ക് കടന്നിട്ടുണ്ടെന്നുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. കഥകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും അമൃത്പാൽ എവിടെയാണെന്ന് പഞ്ചാബ് പോലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Comments